കരുവന്നൂർ തട്ടിപ്പ്: പാർട്ടി നേതാക്കൾക്കെതിരായ ഇ.ഡി നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എം
കരുവന്നൂർ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സി.പി.എം നേതാക്കൾക്കെതിരായ ഇ.ഡി നീക്കം കൃത്യമായ രാഷ്ട്രീയ അജണ്ട വെച്ചുള്ളതാണെന്നാണ് പാർട്ടി വിലയിരുത്തൽ.
തൃശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന പാർട്ടി നേതാക്കൾക്കെതിരായ ഇ.ഡി നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എം. മുതിർന്ന നേതാക്കൾക്കെതിരായ കോൺഗ്രസ് - ബി.ജെ.പി ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കത്തെ തുറന്ന് കാണിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേതാക്കൾക്ക് നിർദേശം നൽകി.
കരുവന്നൂർ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സി.പി.എം നേതാക്കൾക്കെതിരായ ഇ.ഡി നീക്കം കൃത്യമായ രാഷ്ട്രീയ അജണ്ട വെച്ചുള്ളതാണെന്നാണ് പാർട്ടി വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വീണ്ടും മത്സരത്തിനിറങ്ങുന്ന സുരേഷ് ഗോപിക്ക് വേണ്ടി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സി.പി.എം നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ഇ ഡിയുടെ ശ്രമം. ഇതിനെ തുറന്നു കാണിക്കാൻ കൃത്യമായ രാഷ്ട്രീയ ഇടപെടൽ നടത്തണമെന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശം നൽകി. മുതിർന്ന നേതാക്കൾക്കെതിരായ കോൺഗ്രസ് - ബിജെപി ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ഇന്നലെ വൈകിട്ട് അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലും ഇ.ഡിക്കെതിരെ രൂക്ഷമായ വിമർശമാണ് എം.വി ഗോവിന്ദൻ നടത്തിയത്.
മാധ്യമങ്ങൾ ഇ.ഡിയുടെ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും പാർട്ടി സെക്രട്ടറി ആരോപിച്ചു. ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ വൈകരുതെന്നും എം.വി ഗോവിന്ദൻ ജില്ലയിലെ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16