മധു മുല്ലശ്ശേരിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ നൽകിയ ശിപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. മധു മുല്ലശ്ശേരി ബിജെപിയിൽ ചേരുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് സിപിഎം തീരുമാനം. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറിയുടെ വാർത്താകുറിപ്പ്. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സിപിഎം വ്യക്തമാക്കി.
അതേസമയം പാര്‍ട്ടിവിട്ട മധു ബിജെപിയില്‍ ചേരും. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് തുടങ്ങിയവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. ബിജെപിയിലേക്ക് വരാൻ തയ്യാറാണെന്ന് മധു ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ജില്ലാ, സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎയ്ക്കെതിരെ സാമ്പത്തികാരോപണങ്ങൾ അടക്കമുന്നയിച്ചായിരുന്നു മധു താൻ പാർട്ടി വിട്ടെന്ന് ഇന്നലെ പ്രഖ്യാപിച്ചത്. തന്‍റെയൊപ്പം മകൻ കൂടി പാർട്ടി വിടുമെന്ന് മധു ഇന്നലെ അവകാശപ്പെട്ടിരുന്നു. എന്നാൽ മകൻ പാർട്ടി വിടില്ലെന്നാണ് സിപിഎം വാദം.
Adjust Story Font
16