ബീന ഫിലിപ്പ് തെറ്റ് സമ്മതിച്ചു; കോഴിക്കോട് മേയർ സ്ഥാനത്ത് നിന്ന് നീക്കേണ്ടെന്ന് സിപിഎം തീരുമാനം
നാട്ടിലെ എല്ലാ പരിപാടിയിലും പോകണമെന്നാണ് ചില മേയർമാരുടെ ധാരണയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ മാറ്റേണ്ടെന്ന് സിപിഎം തീരുമാനം. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും ഇക്കാര്യം മേയർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിഷയം ഉന്നയിച്ച് കോർപറേഷൻ കൗൺസിലിൽ യുഡിഎഫ് പ്രതിഷേധിച്ചു.
ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത മേയറെ സിപിഎം ജില്ലാ സെക്രട്ടറിയടക്കം പരസ്യമായി തള്ളിപ്പറഞ്ഞുവെങ്കിലും കടുത്ത നടപടി വേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം.
മേയറെ മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം നേതാക്കൾ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മേയർ തെറ്റ് സമ്മതിച്ചതായും നാട്ടിലെ എല്ലാ പരിപാടിയിലും പോകണമെന്നാണ് ചില മേയർമാരുടെ ധാരണയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോർപ്പറേഷനിൽ സി പി എം - ബി ജെ പി കൂട്ടുകെട്ടാണെന്ന് കൗൺസിൽ യോഗത്തിൽ യുഡിഎഫ് ആരോപിച്ചു. വിഷയത്തിൽ യുഡിഎഫ് അടിയന്തരപ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി.
Adjust Story Font
16