വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിട വിവാദത്തിൽ സിപിഎം ഇടപെടൽ; അലൈൻമെന്റ് പരിശോധിക്കും
ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ പാർട്ടി അടിയന്തര യോഗം ചേർന്നു.
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിട വിവാദത്തിൽ സിപിഎം ഇടപെടൽ. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ പാർട്ടി അടിയന്തര യോഗം ചേർന്നു. അലൈൻമെന്റ് പരിശോധിക്കാമെന്ന് ജില്ലാ സെക്രട്ടറി ലോക്കൽ കമ്മിറ്റിയിൽ ഉറപ്പുനൽകി.
അതുവരെ നിർമാണ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും ഉറപ്പേകിയിട്ടുണ്ട്. പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രിയുടെ ഭർത്താവായ ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുൻവശത്തെ റോഡിന്റെ അലൈൻമെന്റ് മാറ്റിയെന്നാണ് ആരോപണം.
അതേസയം, വിഷയത്തിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്നും അനാവശ്യ പ്രതികരണങ്ങൾ ഉണ്ടാവരുതെന്നും യോഗത്തിൽ നിർദേശമുയർന്നു.
നേരത്തെ സംഭവത്തിൽ സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് തന്നെയായിരുന്നു ആദ്യം വിമർശനവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് യോഗത്തിലെ നിർദേശം.
പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം പാതയിൽ കൊടുമണ്ണിലാണ് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം. ഇതിന്റെ മുൻവശത്ത് റോഡിലേക്ക് ഇറക്കി ഓട നിർമിക്കുന്നു എന്നാണ് യുഡിഎഫും പഞ്ചായത്ത് പ്രസിഡന്റ് ആയ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെകെ ശ്രീധരനും ഉന്നയിക്കുന്ന ആരോപണം.
Adjust Story Font
16