Quantcast

മാസപ്പടി കേസിൽ യഥാസമയം പ്രതികരിച്ചില്ല; സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായിക്ക് വിമർശനം

ഉയർന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ വീഴ്ച ഉണ്ടായതായും വിമർശനം

MediaOne Logo

Web Desk

  • Updated:

    2026-10-19 12:12:49

Published:

19 Oct 2026 2:54 PM IST

മാസപ്പടി കേസിൽ യഥാസമയം പ്രതികരിച്ചില്ല; സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായിക്ക് വിമർശനം
X

കണ്ണൂർ: സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിമർശനം. സിഎംആർഎൽ-എക്സാലോജിക് കേസിൽ യഥാസമയം പ്രതികരിച്ചില്ലെന്നും ഇത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നുമാണ് പ്രധാന വിമർശനം. കൂടാതെ കേസുമായി ഉയർന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ വീഴ്ച ഉണ്ടായതായും ഇത് കാരണം എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ സഹായകമായെന്നുമാണ് വിമർശനം.

അതേസമയം, തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎം കണ്ണൂർ ജില്ലാ വിപുലീകൃത കമ്മിറ്റിയിൽ ആത്മവിമർശനവും ഉയർന്നിരിക്കുകയാണ്. പയ്യന്നൂരിൽ അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് പ്രവർത്തന റിപ്പോർട്ടിലെ വിമർശനം. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതും പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ വീഴ്ചയും തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് തിരിച്ചടികൾ പരാമർശിക്കുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് അണികളെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് സാധിച്ചില്ലെന്നാണ് പ്രധാന വിമർശനം. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കെ.കെ ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനവും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെ നടന്ന ചർച്ചയിലാണ് ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷിനെതിരെയും വിമർശനങ്ങൾ ഉയർന്നത്.

TAGS :

Next Story