ദേശീയ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിന് മുൻഗണന നൽകണമെന്ന് കരട് രാഷ്ട്രീയ പ്രമേയം
ഇതിനായി യോജിക്കാൻ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുണ്ടാക്കണമെന്നും പ്രമേയത്തിൽ പറയുന്നു
കണ്ണൂര്‍: വിശാല മതേതര ബദലിനൊപ്പം ദേശീയ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിനും പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സി.പി.എമ്മിന്‍റെ കരട് രാഷ്ട്രീയ പ്രമേയം. ഇതിനായി യോജിക്കാൻ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുണ്ടാക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
ഇടതു സ്വഭാവമുള്ള പാർട്ടികളുടെയും സംഘടനകളുടെയും പൊതുവേദി രൂപീകരണം സംബന്ധിച്ച് മുൻപും ചർച്ചകൾ നടന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. ഫലപ്രദമായ സംയുക്ത വേദികള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരണം. രാജ്യത്ത് മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി ഉയര്‍ന്നു കഴിഞ്ഞു. അതിവേഗം പടര്‍ന്നുപിടിക്കുന്ന ആര്‍.എസ്.എസ് ശൃംഖലയുടെ അടിത്തറയില്‍ ബി.ജെ.പിയുടെ സ്വാധീനം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. അധികാരം നിലനിർത്താൻ സി.ബി.ഐ, ഇ.ഡി, മറ്റു കേന്ദ്ര ഏജന്‍സികള്‍ എന്നിവയെ ഉപയോഗിച്ച് സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രമേയം പറയുന്നു.
അതേസമയം, കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ സ്വാധീനവും സംഘടനാ ശക്തിയും ക്ഷയിക്കുകയാണ് നിരവധി നേതാക്കള്‍ ബി.ജെ.പിയിലേക്കു കൂറുമാറുന്നതിന്‍റെ ഫലമായി കോൺഗ്രസ് തുടര്‍ച്ചയായ പ്രതിസന്ധികളില്‍ മുങ്ങിയിരിക്കുകയാണ്. മതനിരപേക്ഷമാണെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ കക്ഷികള്‍ക്ക് ആശയപരമായ വെല്ലുവിളി ഉയര്‍ത്താന്‍ കോൺഗ്രസിനു കഴിയുന്നില്ല. പലപ്പോഴും അനുരഞ്ജന സമീപനമാണ് സ്വീകരിക്കുന്നത്. ദുര്‍ബലമായ കോണ്‍ഗ്രസിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്താന്‍ കഴിയുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
Adjust Story Font
16