Quantcast

'നടത്തിയത് സദുദ്ദേശപരമായ ഇടപെടൽ'; കെ.കെ ലതികക്കെതിരായ പ്രചാരണം ചെറുക്കും: സി.പി.എം

വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന സന്ദേശത്തോടെ സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള ഇടപെടലാണ് നടത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-18 14:39:46.0

Published:

18 Jun 2024 2:37 PM GMT

CPM Support KK Lathika
X

കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ കെ.കെ ലതികക്കെതിരെ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണം ചെറുക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ വർഗീയവിദ്വേഷം ആളിക്കത്തിക്കുന്ന പ്രചാരണങ്ങളാണ് യു.ഡി.എഫ് നടത്തിയത്. ശൈലജ ടീച്ചറുടെ അഭിമുഖം തെറ്റായി ചിത്രീകരിച്ചതും കാന്തപുരത്തിന്റെ ലെറ്റർ ഹെഡ് കൃത്രിമമായി ഉണ്ടാക്കിയതുമെല്ലാം ഇതിന് ഉദാഹരണമാണ്.

ഇതിന് പുറമേ ടീച്ചർക്കെതിരെ അശ്ലീല പ്രചാരണവും നടത്തി. ഇതിന്റെ തുടർച്ചയായാണ് കാഫിർ പ്രയോഗം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ എൽ.ഡി.എഫ് ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ഇത്തരം വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന സന്ദേശത്തോടെ സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള സദുദ്ദേശപരമായ ഇടപെടലാണ് കെ.കെ ലതികയും എൽ.ഡി.എഫും വടകരയിൽ നടത്തിയതെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ.കെ.കെ. ലതികക്കെതിരെ ഒരു പറ്റം മാധ്യമങ്ങളും രാഷ്ടീയ എതിരാളികളും നടത്തുന്ന പ്രചാരണത്തെ ചെറുക്കുമെന്ന് സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ വളരെ മ്ലേഛമായ നിലയിൽ വർഗ്ഗീയവിദ്വേഷം ആളിക്കത്തിക്കുന്നതിനുതകുന്ന പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് വടകരയിൽ നടത്തിയത്. മാതൃഭൂമിയുടെ ഓൺലൈൻ പേജ് ദുരുപയോഗിച്ചും, റിപ്പോർട്ടർ ചാനൽ എൽ. ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുമായി നടത്തിയ അഭിമുഖം തെറ്റായി ചിത്രീകരിച്ചും, അഭിവന്ദ്യനായ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ലെറ്റർ ഹെഡ് കൃത്രിമമായി ഉണ്ടാക്കിയും മറ്റും ഇക്കൂട്ടർ നടത്തിയ ഒട്ടേറേ പ്രചാരണങ്ങൾ ഇതിനുദാഹരണമാണ്.

ഇതിനു പുറമെ ശൈലജ ടീച്ചർക്കെതിരെ വൃത്തികെട്ട അശ്ലീല പ്രചാരണവും നടത്തുകയുണ്ടായി. ഇതിനെല്ലാം എതിരെ അതാത് ഘട്ടത്തിൽ തന്നെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും, പോലീസ് മേധാവികൾക്കും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഇതിൻ്റെയെല്ലാം തുടർച്ചയായിട്ടാണ് 'കാഫിർ' പ്രയോഗമടങ്ങിയ പരാമർശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഘട്ടത്തിൽ തന്നെ എൽ.ഡി. എഫ് ബന്ധപ്പെട്ടവർക്കെല്ലാം പരാതികളും നൽകിയിട്ടുണ്ട്. ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന സന്ദേശത്തോടെ, സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള സദുദ്ദേശപരമായ ഇടപെടലാണ് കെ.കെ.ലതികയും എൽ. ഡി .എഫുമെല്ലാം വടകരയിൽ നടത്തിയത്.

സ. കെ.കെ.ലതിക ഉൾപ്പെടെയുള്ള സി.പി.ഐ (എം) നേതാക്കളും , പ്രവർത്തകരും എൽ.ഡി.എഫ് ഒന്നാകെയും എക്കാലത്തും മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്നവരെന്ന കാര്യം നാടിനാകെ ബോധ്യമുള്ളതാണ്. വർഗ്ഗീയവിദ്വേഷ പ്രചാരണങ്ങൾക്കെതിരായ പരാതികളിൽ അന്വേഷണം നടക്കുന്നതിനിടയിൽ സഖാവ് കെ.കെ.ലതികയെ വ്യക്തിഹത്യ നടത്തുന്ന നിലയിൽ യു.ഡി.എഫ് നടത്തുന്ന പ്രചാരണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അസംബന്ധ പ്രചാരണങ്ങൾ അഴിച്ചുവിട്ട് സ. കെ.കെ.ലതികയെയും അതിലൂടെ സി.പി.ഐ എമ്മി നെയും എൽ.ഡി. എഫിനേയും കരിവാരി തേക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയും.

കൃത്യമായ അന്വേഷണത്തിലൂടെ വർഗ്ഗീയവിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു

TAGS :

Next Story