Quantcast

ബ്രൂവറിക്കുള്ള അനുമതി അട്ടിമറിക്കാൻ ശ്രമിക്കുന്നു; എലപ്പുള്ളി പഞ്ചായത്തിൽ സിപിഎം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും

എട്ട് അംഗങ്ങളുള്ള സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം പാസ് ആകാൻ 12 പേരുടെ പിന്തുണ വേണം

MediaOne Logo

Web Desk

  • Published:

    14 Feb 2025 7:24 AM IST

ബ്രൂവറിക്കുള്ള അനുമതി അട്ടിമറിക്കാൻ ശ്രമിക്കുന്നു; എലപ്പുള്ളി പഞ്ചായത്തിൽ സിപിഎം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും
X

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിൽ സിപിഎം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയുടെ അനുമതി അട്ടിമറിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവരുന്നത്. എട്ട് അംഗങ്ങളുള്ള സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം പാസ് ആകാൻ 12 പേരുടെ പിന്തുണ വേണം.

എന്നാൽ ഇതിൽ നിന്നും വിട്ട് നിൽക്കാനാണ് കോൺഗ്രസ് - ബിജെപി അംഗങ്ങളുടെ തീരുമാനം. അതേസമയം അവസാന നിമിഷവും കൂടുതൽ പിന്തുണക്ക് വേണ്ടി ശ്രമിക്കാം എന്ന നിലപാടിലാണ് സിപിഎം. പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സിപിഎം അംഗങ്ങൾ നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകിയിരുന്നു.

തങ്ങള്‍ അറിയാതെയാണ് ബ്രൂവറിക്ക് വേണ്ടിയുള്ള അനുമതി നല്‍കിയത് എന്നായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് പറഞ്ഞിരുന്നത്. എന്നാല്‍ 2024ല്‍ പഞ്ചായത്തിനെ ബ്രൂവറിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് വേണ്ടി ക്ഷണിച്ച ഒരു കത്ത് പുറത്തുവന്നതോടുകൂടി പഞ്ചായത്തിന്റെ വാദം പൊളിയുകയായിരുന്നു.

ഈ കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചാണ് സിപിഎം അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. ബ്രൂവറി വരുന്ന കാര്യം തുടക്കം മുതൽ തന്നെ കോണ്‍ഗ്രസിന് അറിയാമായിരുന്നു എന്ന് ബിജെപിയും ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചായത്തിൽ കോൺഗ്രസിന് ഒൻപതും, സിപിഎമ്മിന് എട്ടും, ബിജെപിക്ക് അഞ്ച് അംഗങ്ങളുമാണുള്ളത്.

TAGS :

Next Story