കണ്ണൂരിൽ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം
പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്‍റെ ഭാഗമായ കലശ ഘോഷയാത്രയിലാണ് ചിത്രങ്ങൾ ഉപയോഗിച്ചത്

കണ്ണൂര്‍: കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം. പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്‍റെ ഭാഗമായ കലശ ഘോഷയാത്രയിലാണ് മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികൾ ഉപയോഗിച്ചത്.
മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 8 പേരുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായാണ് ക്ഷേത്ര പരിസരത്തെ ആഘോഷം. സി പി എം ശക്തികേന്ദ്രമായ പ്രദേശത്ത് നടന്ന കലശത്തിനിടെ എ കെ ജിയുടെയും ഇ എം എസിന്റെയും പേര് പറഞ്ഞുള്ള മുദ്രാവാക്യം വിളിക്കും വിപ്ലവഗാനങ്ങൾക്കും ഒപ്പമായിരുന്നു കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ.
സമീപകാലത്ത് കണ്ണൂർ ജില്ലയിലെ ഉത്സവപ്പറമ്പുകളിൽ സിപിഎമ്മും ബിജെപിയും ചേരിതിരിഞ്ഞ് ശക്തി പ്രകടനം നടത്തുന്നത് പതിവായിട്ടുണ്ട്. എന്നാൽ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് പ്രവർത്തകർ ഉത്സവപ്പറമ്പിൽ എത്തുന്നത് ഇതാദ്യം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്‍റെ സഹോദരൻ മനോരാജ്, ടി.പി കേസ് പ്രതി ടി. കെ രജീഷ് എന്നിവർ അടക്കം 9 പേരെയായിരുന്നു സൂരജ് വധക്കേസിൽ കോടതി ശിക്ഷിച്ചത്.
Adjust Story Font
16