നരഹത്യാക്കുറ്റം നിലനിൽക്കും; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി
നരഹത്യ കുറ്റം നിലനിൽക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹരജിയിലെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കൊലപാതകത്തിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സെഷൻസ് കോടതിക്കെതിരായ സർക്കാരിന്റെ റിവിഷൻ ഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. നരഹത്യ കുറ്റം നിലനിൽക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹരജിയിലെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം മാത്രം ചുമത്തിക്കൊണ്ട് വിചാരണ നടപടികളിലേക്ക് കടക്കാനായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതിയുടെ തീരുമാനം. എന്നാൽ, ഇത് സംബന്ധിച്ച് നിയമപരമായ ചില സംശയങ്ങൾ അന്ന് തന്നെ നിലനിന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ആദ്യഘട്ടത്തിൽ പരിഗണിച്ചപ്പോൾ തന്നെ നരഹത്യാക്കുറ്റം ഒഴിവാക്കിക്കൊണ്ടുള്ള സെഷൻസ് കോടതി വിചാരണാ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കീഴ്‌ക്കോടതി നിരീക്ഷണം. 10 വർഷം വരെ തടവ് ലഭിക്കാവുന്ന മനപ്പൂർവമുള്ള നരഹത്യക്കുള്ള വകുപ്പായ 304-2 ഒഴിവാക്കിയായിരുന്നു കോടതി വിധി.
ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കാർ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നൽകിയത്. വാഹനം ഓടിച്ചത് അമിതവേഗതിയിലാണെന്നതിന് തെളിവുണ്ടെന്നും രക്തസാമ്പിളുകൾ ശേഖരിക്കാൻ ശ്രീറാം അനുവദിച്ചത് പത്ത് മണിക്കൂറിന് ശേഷമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇനി നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിക്കൊണ്ടുള്ള വിചാരണ നടപടികളിലേക്ക് മാത്രമാകും സെഷൻസ് കോടതിക്ക് കടക്കാനാകുക.
Adjust Story Font
16