'പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിക്കാർ അല്ലാത്തവർ; സജി ചെറിയാനെതിരെ ഇടപെടലുണ്ടായില്ല'-കേരള കോൺഗ്രസ് സെക്രട്ടറിയേറ്റില്‍ രൂക്ഷവിമർശനം
തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയതിലും നേതൃത്വം ശക്തമായി ഇടപെട്ടില്ലെന്നു വിമര്‍ശനമുയര്‍ന്നു
കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയിലും തോമസ് ചാഴിക്കാടൻ എം.പിയെ മുഖ്യമന്ത്രി തിരുത്തിയതിലും നേതൃത്വം ശക്തമായി ഇടപെട്ടില്ലെന്നാണു വിമര്‍ശനമുയര്‍ന്നത്. പേഴ്സണൽ നിയമനങ്ങളിൽ പാർട്ടിക്കാർ അല്ലാത്തവർ കടന്നുകൂടിയതായും ചര്‍ച്ചയായി.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരുന്നു പ്രധാന അജണ്ട. ഇതോടൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയായി. നവകേരള സദസ്സ് വേദിയിൽ എം.പി ചാഴിക്കാടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രതിഷേധം അറിയിക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടില്ലെന്നും വിമർശനമുയർന്നു. എന്നാൽ, റബർ വിഷയം അടക്കം മുഖ്യമന്ത്രി വിശദീകരണം നൽകിയതോടെ അധ്യായം അടഞ്ഞെന്ന് ജോസ് കെ. മാണി മറുപടി നൽകി. സജി ചെറിയാൻ വിഷയത്തിൽ ഇടപെടുന്നതിൽ കാലതാമസം ഉണ്ടായില്ലെന്ന് വിശദീകരിച്ച ജോസ് കെ. മാണി വാർത്താ സമ്മേളനത്തിലും നിലപാട് വ്യക്തമാക്കി.
മന്ത്രിയുടെയും ചീഫിന്‍റെയും പേഴ്സണൽ സ്റ്റാഫിൽ അനർഹർ കയറിക്കൂടിയെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പേഴ്സണൽ സ്റ്റാഫിൽനിന്നു മുതിർന്ന പാർട്ടി നേതാവിന് മോശം അനുഭവം ഉണ്ടായതും ചർച്ചയ്ക്ക് വന്നു.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാനും മുന്നണിയിൽ ഭിന്നത ഉണ്ടാക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും നിർദേശം നൽകിയാണ് സെക്രട്ടറിയേറ്റ് സമാപിച്ചത്.
Summary: Severe criticism against the leadership in the Kerala Congress state secretariat meeting. There was criticism that the leadership did not strongly intervene in Minister Saji Cherian's statement against the bishops and the Chief Minister's correction of Thomas Chazhikkadan MP.
Adjust Story Font
16