Quantcast

'വിമർശനം സ്വാഭാവികം': സംസ്ഥാന കൗൺസിലിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-27 16:25:37.0

Published:

27 Sep 2023 4:21 PM GMT

Criticism, Kanam Rajendran, cpi state council, latest malayalam news, വിമർശനം, കാനം രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ
X

തിരുവനന്തപുരം: സംസ്ഥാന കൗൺസിലിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ. വിമർശനം സ്വാഭാവികമെന്നും ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പരിമിതികൾ ഇപ്പോഴുണ്ട്. പ്രതിപക്ഷമുൾപ്പടെ പൊതു ശത്രുവായി കണ്ട് സർക്കാരിനെതിരെ നിൽക്കുന്നു. അതിനൊപ്പം ചേരാൻ സി.പി.ഐക്ക് ആവില്ലെന്നും കാനം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പടെയുള്ള വിഷയങ്ങളിൽ സി.പി.ഐക്ക് ഉപദേശിക്കാനാവില്ലെന്നും അതൊക്കെ ബന്ധപ്പെട്ടവർ സ്വയം മനസിലാക്കേണ്ട വിഷയമെന്നും കാനം കൂട്ടിച്ചേർത്തു.

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിലിൽ രംഗത്ത് വന്നിരുന്നു. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും മന്ത്രിമാർ മണ്ഡലം സദസിന് പോയിട്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു സി.പി.ഐയുടെ വിമർശനം. സി.പി.ഐ മന്ത്രിമാർക്കെതിരെയും കൗൺസിലിൽ വിമർശനമുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ലെന്നും ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കിയെന്നും സംസ്ഥാന കൗൺസിലിൽ വിമർശിച്ചിരുന്നു.

റവന്യൂ, കൃഷി മന്ത്രിമാരുടെ ഓഫീസുകളിൽ പട്ടിക്കുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും രണ്ടു മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാർ തോന്നും പോലെ പ്രവർത്തിക്കുന്നെന്നും മാങ്കോട് രാധാകൃഷ്ണൻ വിമർശിച്ചു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയ ആണെന്നും സർവത്ര അഴിമതിയെന്നും ആക്ഷേപം. കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാർ. പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നും മുന്നണിയെ ജയിപ്പിച്ചത് സാധാരണക്കാരാണെന്നും സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടിരുന്നു.

പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെ പോലെ മിണ്ടാതിരിക്കരുതെന്നും വിദുരരായി മാറണമെന്നും പറഞ്ഞ സി.പി.ഐ സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നെന്നും സിപിഐ നേതൃത്വം പടയാളികളാകണമെന്നും മുഖ്യമന്ത്രിക്ക് ലാളിത്യമില്ലെന്നും 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റെന്നും വിമർശനം ഉയർന്നിരുന്നു. എല്ലാത്തിനും മാധ്യമങ്ങളെ വിമർശിച്ചിട്ട് കാര്യമില്ലെന്നും മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ ചൂണ്ടിക്കാട്ടി.

TAGS :

Next Story