'ക്രൂഡ് ഓയിലിന്റെ വില കൂടുന്നുണ്ടെങ്കിലും ഇന്ധന വില കൂടുന്നില്ല'; എം.ടി രമേശ്
കരുവന്നൂരിലെ കറുത്ത ചോറിനെ മറയ്ക്കാൻ വേണ്ടി കുറെ മണ്ണ് വാരിയിട്ടാൽ ആ ചോറ് കഴിക്കാൻ പറ്റില്ലെന്നും എം.ടി.രമേശ് പറഞ്ഞു
തിരുവനന്തപുരം: ക്രൂഡ് ഓയിലിന്റെ വില കൂടുന്നുണ്ടെങ്കിലും ഇന്ധന വില കൂടുന്നില്ലെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ്. പാചക വാതക വില കുറയുന്നത് കൂടി വാർത്തയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം പണം നഷ്ടപ്പെട്ടവർക്കൊപ്പമല്ല, പണം കൊള്ളയടിച്ചവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബി.ജെ.പി ഇരകളെയും ഒപ്പം നിർത്തും. അദാലത്തിൽ കണ്ടെത്തിയ കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പണം തിരികെ ലഭിക്കേണ്ടവർക്ക് നിയമസഹായം നൽകുകയും ചെയ്യും. വളഞ്ഞ വഴിയിലൂടെ സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുകയാണെന്നും ബി.ജെ.പിയെ കുറ്റപ്പെടുത്തി സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം 2016-ന് ശേഷമുള്ള സഹകരണ സ്ഥാപനങ്ങളിലെ ഇടപാടുകൾ സൂക്ഷിക്കാൻ കഴിയുന്ന ഏകീകൃത സോഫ്റ്റ്‌വെയർ വേണമെന്നും ആവശ്യപ്പെട്ടു.
'കോടീശ്വരൻമാരുമായി നേതാക്കൾക്കുള്ള ബന്ധം സി.പി.എം അന്വേഷിക്കണം. കുറേ കെ.ഡികളുണ്ട്, അവരെയാണ് ഇ.ഡി പിടിക്കുന്നത്. മുഖ്യമന്ത്രി ഒരു വറ്റിന്റെ കഥ പറയുന്നുണ്ട്. കറുത്ത ചോറിനെ മറയ്ക്കാൻ വേണ്ടി കുറെ മണ്ണ് വാരിയിട്ടാൽ ആ ചോറ് കഴിക്കാൻ പറ്റില്ല. സഹകരണ മേഖലയുടെ വിശ്വാസ്യത സംസ്ഥാന സർക്കാർ തകർക്കുകയാണ്. നേതാക്കൾ നടത്തിയ കളവും കള്ളപ്പണ ഇടപാടും മറച്ചുവെയ്ക്കാനാണ് സഹകരണ മേഖലയെ ബലി കൊടുക്കുന്നത്. ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളുണ്ട്. സി.പി.എം നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകൾ കേന്ദ്ര നിയമം പാലിക്കുന്നില്ല. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ കടുത്ത നിബന്ധനയ്ക്ക് വിധേയമാകണമെന്നാണ് എന്നാൽ ഈ നിയമം പാലിക്കപ്പെടുന്നില്ല. സഹകരണ ബാങ്കുകളിൽ പാൻ കാർഡുകൾ നിർബന്ധമാക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണം'- എം.ടി രമേശ് പറഞ്ഞു.
രണ്ടാം വന്ദേഭാരത് വിവാദത്തിൽ വി.മുരളീധരന് സ്വീകരണം നൽകിയതിൽ എന്താണ് പ്രശനമെന്നും തിരൂരിൽ ലീഗ് വലിയ പ്രകടനം നടത്തി ഇ.ടി.മുഹമ്മദ് ബഷീർ മാല ഇട്ടു സ്വീകരിച്ചപ്പോള്‍ തങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ എന്നും പറഞ്ഞ അദ്ദേഹം കെ.മുരളീധരന് മാലയിടാൻ പ്രവർത്തകരെ കൊണ്ടുവരാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും മാല ഇടാൻ ചിലപ്പോൾ വേണ്ടത്ര കോൺഗ്രസ് പ്രവർത്തകർ ഉണ്ടാവില്ലെന്നും പരിഹസിച്ചു.
Adjust Story Font
16