കറുപ്പിന് ഏഴഴക്, വേർതിരിച്ചു കാണേണ്ട നിറമല്ലെന്ന് ദലീമ എംഎൽഎ; മനുഷ്യസ്വഭാവവും വ്യക്തിത്വവും നിർണയിക്കുന്നത് നിറമല്ലെന്ന് കെ.കെ രമ
നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു എംഎൽഎമാരുടെ പ്രതികരണം.

ആലപ്പുഴ: കറുപ്പ് വേർതിരിച്ചു കാണേണ്ട നിറമല്ലെന്നും അതിന് ഏഴഴകാണെന്നും ദലീമ എംഎൽഎ. തന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെട്ട നിറംകൂടിയാണ് കറുപ്പെന്നും കറുത്ത മനുഷ്യർക്ക് എന്തൊരു അഴകാണെെന്നും ദലീമ മീഡിയവണിനോട് പ്രതികരിച്ചു. നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു എംഎൽഎയുടെ പ്രതികരണം.
'കറുപ്പിന് ഏഴഴകല്ലേ, അങ്ങനെ വേർതിരിച്ചുകാണേണ്ടവരാണോ... അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരു കാലഘട്ടത്തിൽ പാടത്തും പറമ്പിലുമൊക്കെ പണിയെടുക്കുന്നവർക്ക് ഒരു ശക്തിയായിരുന്നു കറുത്ത നിറം. കറുപ്പ് മാതൃകയാക്കേണ്ട നിറമാണ്. സൂര്യനെ എതിർക്കാനുള്ള ശക്തി കൂടിയാണ് കറുപ്പ്. കറുപ്പിനെ നിഷേധിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. ആ നിറത്തെ മോശമാക്കി പറയുന്നത് വളരെ തെറ്റാണ്'- ദലീമ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന വ്യക്തികൾ പോലും മാനസികമായി ഇത്തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. നിറത്തിൽ എന്താണ് കാര്യമുള്ളത്? നിറമാണോ മനുഷ്യ സ്വഭാവവും വ്യക്തിത്വവും നിർണയിക്കുന്നത്? അങ്ങനെ ആർക്കാണ് സങ്കൽപമുള്ളത്. ഉണ്ടെങ്കിൽ അത് മാറേണ്ടതുണ്ട്. ഇതിനെതിരെ അതിശക്തമായി സമൂഹം നിൽക്കണം. കറുപ്പിന്റെ പേരിൽ ആർക്കെങ്കിലും അപകർഷബോധം ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്.
പ്രതിഷേധമുണ്ടാകുമ്പോൾ കരിങ്കൊടിയാണ് സാധാരണ കാണിക്കാറ്. കറുപ്പ് പ്രതിഷേധമാണെന്നും മോശമാണെന്നുമുള്ള സൂചനകൾ ഇത് സൃഷ്ടിക്കുന്നുണ്ട്. നമ്മൾ സ്വീകരിക്കുന്ന ഓരോ കാര്യത്തിലും സൂക്ഷ്മത പുലർത്തണം. വെളുപ്പിന് പ്രത്യേകിച്ച് ഒരു മെച്ചവുമില്ല. ഇത്തരം പ്രവണതകൾക്കെതിരെ കാമ്പയിൻ വേണമെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. കറുത്ത നിറമുള്ള ഒരമ്മ തനിക്കുമുണ്ടായിരുന്നെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്തെന്നും തന്റെ സുഹൃത്താണ് ഭർത്താവായ (വി.വേണു) മുൻഗാമിയുമായി തന്നെ താരതമ്യം ചെയ്തതെന്നും ശാരദ മുരളീധരൻ വെളിപ്പെടുത്തിയിരുന്നു.
ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതു മുതൽ ഈ താരതമ്യം നേരിടേണ്ടി വരുന്നതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശാരദ മുരളീധരൻ വെളിപ്പെടുത്തിയിരുന്നു. കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ്.
എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പ്- അവർ കുറിച്ചു. ഒടുവിൽ, കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Adjust Story Font
16