2018ലെ മഹാപ്രളയത്തില്‍ നിന്നു പാഠംപഠിച്ചു; ഇത്തവണ ഡാമുകള്‍ തുറന്നത് മുന്നൊരുക്കങ്ങളോടെ
2018ൽ ഇടുക്കി ഡാം തുറന്നപ്പോള്‍ ചെറുതോണി പാലത്തിന് മുകളിലൂടെയൊഴുകിയ വെള്ളം മഹാപ്രളയത്തിന്‍റെ കാഹളമായിരുന്നു..
2018ലെ മഹാപ്രളയത്തില്‍ നിന്നു പഠിച്ച പാഠമാണ് ഇപ്പോള്‍ ഡാമുകള്‍ തുറക്കാനിടയാക്കിയത്. ഡാമുകളില്‍ നിലനിര്‍ത്തേണ്ട ജലത്തിന്‍റെ അളവ് അഥവാ റൂള്‍ കര്‍വ് ഇത്തവണ കൃത്യമായി തയ്യാറാക്കി. മഴ മുന്നറിയിപ്പുകള്‍ മുന്നില്‍ കണ്ട് നിയന്ത്രിത അളവിലാണ് വെള്ളം ഒഴുക്കിക്കളയുന്നത്. ഇടുക്കി ഡാം തുറന്നിട്ടും പുഴയുടെ തീരങ്ങളിൽ ഒരുതരത്തിലുള്ള പ്രത്യാഘാതങ്ങളുമുണ്ടായില്ല.
2018ൽ ഇടുക്കി ഡാം തുറന്നപ്പോള്‍ ചെറുതോണി പാലത്തിന് മുകളിലൂടെയൊഴുകിയ വെള്ളം മഹാപ്രളയത്തിന്‍റെ കാഹളമായിരുന്നു. പിന്നീട് കേരളം കണ്ടത് മറക്കാനാഗ്രഹിക്കുന്ന കാഴ്ച.
എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കാലേകൂട്ടിയെടുത്ത തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിബന്ധനകൾ പാലിച്ചുള്ള തുറക്കൽ. തുറന്നുവിട്ട ജലം ശാന്തമായി ഒഴുകി. കൂടെ മഴയുടെ ശക്തി കുറഞ്ഞതും തുണയായി.
വേണ്ടത്ര ആസൂത്രണമില്ലാതെ ഡാമുകള്‍ തുറന്നതാണ് 2018ലെ മഹാ പ്രളയത്തിനിടയാക്കിയതെന്ന ആക്ഷേപം പ്രതിപക്ഷമടക്കം ഉന്നയിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും സിഎജി റിപ്പോര്‍ട്ടും എതിരായതോടെ സർക്കാർ പരിഹാര നടപടികളിലേക്ക് കടന്നു. കേന്ദ്ര ജലകമ്മീഷന്‍റെ വിദഗ്ധ സമിതി റൂള്‍ കര്‍വ് നിശ്ചയിച്ചു. ഷട്ടര്‍ തുറക്കുന്നതിന് 36 മണിക്കൂര്‍ മുന്‍പേ ജില്ലാ കളക്ടറുടെ അനുമതി വാങ്ങി. അപകടമേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ മഴയെക്കുറിച്ചും നദികളിലെ ജലനിരപ്പിനെക്കുറിച്ചും കൃത്യമായി നിരീക്ഷണം നടത്തിയാണ് ഡാമുകൾ തുറന്നത്.
Adjust Story Font
16