പാലോട് നവവധുവിന്റെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
ആത്മഹത്യയ്ക്ക് കാരണം ഇരുവരുടെയും മർദനവും മാനസിക പീഡനവുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: പാലോട് നവവധുവിന്റെ മരണത്തിൽ ഭർത്താവിന്റെയും സുഹൃത്തിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ദുജ ആത്മഹത്യ ചെയ്തത്. ആത്‍മഹത്യയ്ക്ക് കാരണം ഇരുവരുടെയും മർദനവും മാനസിക പീഡനവുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ഭർത്താവ് അഭിജിത്താണ് ഒന്നാംപ്രതി. അജാസ് രണ്ടാംപ്രതിയാണ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ അജാസിന്റേതായിരുന്നു. ഈ കോളിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ രണ്ട് ദിവസം മുമ്പ് അജാസ് മർദിച്ചിരുന്നതായി അഭിജിത്ത് മൊഴി നൽകിയിരുന്നു. ഇന്ദുജ ആത്മഹത്യ ചെയ്ത അന്ന് തന്നെ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സുഹൃത്തായ അജാസിനെയും കസ്റ്റഡിയിലെടുക്കുന്നത്. ആത്മഹത്യയിൽ രണ്ട് പേരുടെയും പങ്ക് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഭർതൃവീട്ടിൽ ഇന്ദുജയ്ക്ക് ശാരീരികവും മാനസികവുമായ പീഡനമേറ്റെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വിപുലപ്പെടുത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. അജാസുമായി ദീർഘകാലത്തെ ബന്ധം ഇന്ദുജയ്ക്കുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടർന്നതിനാൽ അഭിജിത്തുമായി വഴക്കുകളും പതിവായിരുന്നു.
വിവാഹബന്ധം വേർപെടുത്താൻ അഭിജിത്ത് തയ്യാറെടുത്തിരുന്നതായാണ് വിവരം. ഇയാൾ യുവതിയെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. അപ്പോഴും ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ ചില സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ കോൾ അജാസിന്റേതാണെന്ന് തെളിഞ്ഞതോടെ ഇതും ആത്മഹത്യയിലേക്ക് യുവതിയെ നയിച്ചതായി പൊലീസ് കണ്ടെത്തി.
Adjust Story Font
16