നയന സൂര്യയുടെ മരണം; കൊലപാതക സാധ്യത തള്ളി മെഡിക്കൽ ബോർഡ്
മരിച്ച് കിടന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നതും കൊലപാതക സാധ്യത തള്ളാൻ കാരണമായി
തിരുവനന്തപുരം: നയന സൂര്യയുടെ മരണത്തിൽ കൊലപാതക സാധ്യത തള്ളി മെഡിക്കൽ ബോർഡ്. കഴുത്തിലും ശരീരത്തിലുമുള്ള മുറിവുകൾ മരണ കാരണമല്ല. നയന മരണത്തിന് മുൻപ് നാല് തവണ ബോധം കെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. വിഷാദ രോഗത്തിന് മരുന്നും കഴിച്ചിരുന്നു. മരിച്ച് കിടന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നതും കൊലപാതക സാധ്യത തള്ളാൻ കാരണമായി.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ- ഷീല ദമ്പതികളുടെ മകൾ നയന സൂര്യനെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവർത്തിച്ചു വരികയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്.
മരണത്തിൽ ആത്മഹത്യാ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുൻ ഫോറൻസിക് സർജൻ മൊഴി ഡോ. ശശികല നൽകിയിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നും ഡോ. ശശികല ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ടായിരുന്നു. മൃതദേഹത്തിൽ കഴുത്തിൽ ഉരഞ്ഞ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിനു സമീപം കണ്ടെത്തിയ പുതപ്പ് ഉപയോഗിച്ച് ഈ പാടുകൾ ഉണ്ടാക്കാം. മൃതദേഹം കിടന്ന മുറി താൻ സന്ദർശിച്ചിരുന്നു. അന്ന് കതകിന്റെ കുറ്റി അൽപ്പം പൊങ്ങിയ നിലയിലായിരുന്നു. നയനയ്ക്ക് ആക്‌സിഫിഷ്യോ ഫീലിയ ഉണ്ടോയെന്ന് അറിയണമെങ്കിൽ അവരുടെ ജീവചര്യകൾ മുഴുവൻ മനസിലാക്കണം. നയനയുടെ മൃതദേഹം കോൾഡ് ചേമ്പറിൽ കയറ്റുന്നത് 2019 മാർച്ച് 24 ന് പുലർച്ചെ 2.30നാണ്. ഇതിന് 18 മണിക്കൂർ മുമ്പ് മരണം സംഭവിച്ചുവെന്നും ഡോക്ടർ ശശികലയുടെ മൊഴിയിൽ പറഞ്ഞു.
ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഡോ. ശശികല മൊഴി നൽകിയത്. മരണം സംഭവിച്ച മുറിയിൽ ഡോ. ശശികല പോവുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. മരണം ആത്മഹത്യയാകാമെന്ന സാധ്യതയ്ക്കാണ് ശശികല മുൻഗണന നൽകിയിരുന്നത്.
എന്നാൽ കൊലപാതക സാധ്യത പൂർണമായും തള്ളിക്കളയാത്തതിനാൽ കൂടുതൽ പരിശോധനയ്ക്കാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങിയിരുന്നത്. ഇപ്പോൾ സുഹൃത്തുക്കളുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് അവരിൽ നിന്ന് അഭിപ്രായം തേടാനും ക്രൈംബ്രാഞ്ചിന്റെ നീക്കം തുടങ്ങിയിരുന്നു. ആദ്യഘട്ട പൊലീസ് അന്വേഷണത്തിലെ വീഴ്ച മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.
Adjust Story Font
16