രാജ്ഭവൻ ജീവനക്കാരനായ ആദിവാസി യുവാവിന്റെ മരണം; ജാതി പീഡനം മൂലമെന്ന് പരാതി
'പുലയൻമാരും കാട്ടുജാതിക്കാരും കേറിവരേണ്ട സ്ഥലമല്ല, ഇത് രാജ്ഭവനാണ്, അതിന്‍റെ പവിത്രത അറിയുമോ' എന്നൊക്കെ ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു
തിരുവനന്തപുരം: രാജ്ഭവൻ ജീവനക്കാർക്കെതിരെ ജാതിയധിക്ഷേപമെന്ന് പരാതി. രാജ്ഭവനിലെ ജീവനക്കാരനായ ആദിവാസി യുവാവിന്റെ മരണം ജാതിപീഡനം മൂലമാണെന്ന് മാതാപിതാക്കൾ പട്ടികജാതി-പട്ടികവർഗ കമ്മീഷനിൽ പരാതി നൽകി. ഗാർഡൻ വിഭാഗം സൂപ്പർവൈസർ ബൈജു, അസിസ്റ്റന്റ് അശോകൻ എന്നിവർക്കെതിരെയാണ് പരാതി.
12 വർഷമായി രാജ്ഭവനിലെ ഗാർഡനിൽ ജോലി ചെയ്തുവരികയായിരുന്ന വിജേഷ് കാണി കഴിഞ്ഞ മാസമാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മരിക്കുന്നത്. ബൈജുവും അശോകനും ചേർന്ന് വിജേഷിന് നേർക്ക് നിരന്തരം ജാതിയധിക്ഷേപം നടത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നാലുമാസം മുൻപ് അശോകൻ അകാരണമായി വിജേഷിനെ മർദിച്ചെന്നും മർദനത്തെത്തുടർന്ന് വിജേഷിന് ദിവസങ്ങളോളം ശാരീരികാസ്വസ്ഥതകൾ നേരിട്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
കിഡ്നി സ്റ്റോൺ കൂടി പിടിപെട്ട വിജേഷ് ഏറെ ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജോലിയിൽ തിരിച്ചെത്തി. എന്നാൽ ജോലിക്ക് കയറിയ ഉടൻ തന്നെ വിജേഷിനോട് ദിവസം 20 തെങ്ങിൽക്കയറാൻ ബൈജുവും അശോകനും ആവശ്യപ്പെട്ടു. കൂടാതെ ജോലി ചെയ്ത 28 ദിവസത്തെ ശമ്പളത്തിന് 27 ദിവസത്തെ ശമ്പളമാണ് നൽകിയിരുന്നത്. ജോലിഭാരം മൂലമുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ നേരിട്ടാണ് വിജേഷ് മരിച്ചതെന്ന് സഹപ്രവർത്തകരും പറയുന്നു.
വിജേഷിന്റെ മരണമറിഞ്ഞ് വീട്ടിലെത്തിയ അശോകൻ മാതാപിതാക്കൾക്ക് 2000 രൂപ നൽകുകയും ഈ വിവരം പുറത്ത് പറയരുതെന്നും പറഞ്ഞു. എന്നാൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം.
Adjust Story Font
16