പത്തു ദിവസത്തിനകം ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി
വധഭീഷണിക്ക് പിറകിൽ ടി.പി വധക്കേസ് പ്രതികളെന്ന് വി.ഡി. സതീശൻ
കോൺഗ്രസ് നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.
അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അവരായിരിക്കും കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാരണം തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടി.പി. വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ജയിൽ നിയന്ത്രിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളാണെന്നും അതിനാൽ ഇത്തരത്തിലുള്ള കത്തിന് പിറകിൽ അവരാണെന്ന് തങ്ങൾ ബലമായി സംശയിക്കുന്നതായും അവർ പറഞ്ഞു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിലെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Adjust Story Font
16