സാമൂഹികാഘാത പഠനം ഉടൻ പുനഃരാരംഭിക്കാൻ കെ-റെയിൽ നീക്കം
സർവേ ഏജൻസികളുമായി കെ-റെയിൽ അധികൃതർ ചർച്ച നടത്തും
സാമൂഹികാഘാത പഠനം ഉടൻ പുനഃരാരംഭിക്കാൻ കെ-റെയിൽ നീക്കം തുടങ്ങി. സർവേ ഏജൻസികളുമായി കെ-റെയിൽ അധികൃതർ ചർച്ച നടത്തും. ജി.പി.എസ് വഴി സർവേ നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കാനാണ് ചർച്ച. സർവേ സംഘത്തിൽ പഠന ഏജൻസി പ്രതിനിധിയെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
കെ-റെയിൽ കല്ലിടൽ നിർത്തിവെച്ചിരുന്നു. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സർവേ ജിപിഎസ് മുഖേന നടത്താനും തീരുമാനിച്ചിരുന്നു. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലായിരുന്നു തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.
കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പൊലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. അതേസമയം യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻറെ പ്രതികരണം. സർക്കാർ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നു. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Adjust Story Font
16