കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട
കോട്ടയം: കത്തോലിക്കാ സഭയുടെ പേരുപറഞ്ഞ് തീവ്രവര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ദീപിക എഡിറ്റോറിയല്‍. സ്വന്തം മതമൗലിക വാദത്തെ ഓമനിച്ച് മറ്റ് മതങ്ങളുടെ തീവ്ര-വര്‍ഗീയവാദത്തെ പ്രതിരോധിക്കുന്ന ത് കാപട്യമാണ്. ഇത് കേരളം ഏറ്റെടുക്കില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
ലോകത്തെവിടെയായാലും സ്വന്തം മതത്തിനുവേണ്ടി മാത്രം ഇരവേഷം കെട്ടിയാടി ബാക്കിയെല്ലായിടത്തും സമാധാനത്തിന്റെ കഴുത്തറക്കുന്നവരെയും, അവരെ മാത്രം ചൂണ്ടിക്കാണിച്ച് സമുദായസ്നേഹത്തിന്റെ വീഞ്ഞെന്ന വ്യാജേന ഇതര മതവിദ്വേഷത്തിന്റെ പാനപാത്രവുമായെത്തുന്നവരെയും, സ്വന്തം മതത്തിൽ പെടാത്ത സഹപൗരന്മാരെ രണ്ടാം തരക്കാരായി വിചാരിക്കുന്ന ഹിംസയുടെ ധാരകളെ തള്ളിപ്പറയാതെ മതേതര ജനാധിപത്യത്തെ മതവേഷം കെട്ടിക്കാൻ ശ്രമിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മളൊന്നാണ്.
മതമേതായാലും പ്രശ്നമില്ല; പ്രധാന വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഈ തെരുവുനാടകങ്ങളിലെ അഭിനേതാക്കളെ തിരിച്ചറിയാൻ വൈകിയാൽ കേരളവും വലിയ വില കൊടുക്കേണ്ടിവരും. കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
വിശ്വാസികളോടല്ല, വർഗീയവാദികളോടാണ് നാം "മാ നിഷാദ' എന്നു പറയുന്നത്. ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട. അന്ത്യത്താഴവേളയിൽ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. അതു തിരിച്ചറിയാത്തവർ ആരായാലും ബലിവസ്തു പീഠത്തിൽ വച്ചിട്ട് ക്രിസ്തുവിനെയും തന്നെത്തന്നെയും തിരിച്ചറിഞ്ഞിട്ടു വേണം ബലിയർപ്പിക്കാൻ...ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
നാളെയും നമ്മുടെ മക്കൾ കൈകോർത്തു വേണം പള്ളിക്കൂടങ്ങളിലേക്കു പോകാൻ. മതമേത് എന്നല്ല, കുഞ്ഞുങ്ങൾ പരസ്പരം ചോദിക്കേണ്ടത്, വിശക്കുന്നുണ്ടോയെന്നാണ്. വിദ്വേഷത്തിന്റെ അടക്കംപറച്ചിലുപേക്ഷിച്ച് അവർ സ്നേഹത്തിന്റെ സംഘഗാനങ്ങൾ പാടട്ടെ. ക്ഷേത്രങ്ങളും മോസ്കുകളും പള്ളികളും പുതിയൊരു ഉണർത്തുപാട്ടിന്റെ വരികളെഴുതട്ടെ. ഗോത്രകാലങ്ങളിലെ അക്രമോത്സുകവും പൈശാചികവുമായ ഭ്രമയുഗങ്ങളിലേക്ക് തിരിച്ചുനടക്കില്ലെന്നു നമുക്കു പ്രതിജ്ഞയെടുക്കാൻ ഇതാണു സമയം..മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16