ക്രൈസ്തവർക്കെതിരായ അക്രമം വര്‍ധിച്ചിട്ടും പ്രധാനമന്ത്രിക്ക് മൗനം; കേന്ദ്രത്തിനും മോദിക്കുമെതിരെ ദീപിക
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടർത്തുന്നവർക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു
കൊച്ചി: ക്രൈസ്തവ വേട്ടയില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവർക്കെതിരായ അക്രമം കുത്തനെ വർധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടർത്തുന്നവർക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെമ്പാടും ക്രൈസ്തവർക്കെതിരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളർത്തിക്കഴിഞ്ഞു. വിഷയം സർക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയിൽ പെടുത്താൻ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ബിജെപി അധികാരത്തിൽ വന്ന 2014ൽ 127 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വർഷവും അതു വർധിച്ചു. 2015ൽ 142, 2016ൽ 226, 2017ൽ 248, 2018ൽ 292, 2019ൽ 328, 2020ൽ 279, 2021ൽ 505, 2022ൽ 601, 2023ൽ 734, 2024 നവംബർ വരെ 745 എന്നിങ്ങനെയാണ് അതു വർധിച്ചത്. യുസിഎഫിന്റെ ഹോട്ട്ലൈനിൽ റിപ്പോർട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതിൽ, വംശീയതയുടെ മറവിൽ മണിപ്പുരിൽ നടത്തിയ ക്രൈസ്തവ വേട്ട ഉൾപ്പെടുത്തിയിട്ടില്ല.
ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്കരണം, ആരാധനാലയങ്ങൾക്കു നേരേയുള്ള ആക്രമണം, പ്രാർഥന തടയൽ, തിരുരൂപങ്ങൾ തകർക്കൽ തുടങ്ങിയവയൊക്കെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളിൽ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗൺസിലുകളുടെ തീരുമാനപ്രകാരമാണത്രെ. ചില സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമമാണ് ക്രൈസ്തവപീഡനത്തിന് ഉപയോഗിക്കുന്നത്. വർഗീയവത്കരിക്കപ്പെട്ട പോലീസിൽനിന്ന് ഇരകൾക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യ-മതേതര രാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ചക്കാരായി നിൽക്കാനാകുന്നത്?
പാലക്കാട് നല്ലേപ്പിള്ളിയിലെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റർ അകലെയുള്ള തത്തമംഗലത്ത് സ്കൂളിലെത്തിയ വർഗീയവാദികൾ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവുമെല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നൽകാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
തൃശൂർ പാലയൂർ പള്ളിയിൽ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോൾ ഗാനം മുടക്കിയ എസ്ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്, കേരളത്തിലും സംഘപരിവാറിന്റെ പരീക്ഷണങ്ങൾക്കു തടയിടാൻ കഴിയുന്നില്ലെന്നാണ്. സംഘപരിവാർ രാജ്യമൊട്ടാകെ വിതച്ച വർഗീയ വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിത്തുകൾ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കിൽ സംസ്ഥാന സർക്കാരിന്റെ മതേതര ചെറുത്തുനിൽപ്പും അവകാശവാദങ്ങളിൽ ഒതുങ്ങുകയാണ്.
ബിജെപി മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കിൽ അതു വോട്ട് രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള അടവുനയമായി വെളിപ്പെടുകയാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവ നാമധാരികളുടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വർധിക്കുന്ന ക്രൈസ്തവപീഡനങ്ങൾക്കുള്ള മറുപടി. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആദ്യം ചെയ്യേണ്ടത്, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല...മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16