Quantcast

'നാര്‍കോട്ടിക് ജിഹാദ്' വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ്; പിന്തുണച്ച് ദീപിക മുഖപ്രസംഗം

പ്രീണന രാഷ്​ട്രീയമാണ് കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാൻ ഒരു കാരണമെന്നും ദീപിക മുഖപ്രസംഗം

MediaOne Logo

Web Desk

  • Updated:

    2021-09-11 06:04:25.0

Published:

11 Sep 2021 5:19 AM GMT

നാര്‍കോട്ടിക് ജിഹാദ് വിദ്വേഷ പരാമര്‍ശത്തില്‍  ഉറച്ച് പാലാ ബിഷപ്പ്; പിന്തുണച്ച് ദീപിക മുഖപ്രസംഗം
X

നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പിനെ പിന്തുണച്ചുകൊണ്ടാണ്​ ദീപിക ദിനപത്രം മുഖപ്രസംഗം എഴുതി. ദീപികയില്‍ ബിഷപ്പിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് സി.എം.ഐ വൈദികന്‍റെ പ്രത്യേക ലേഖന പരമ്പരയും ദീപികയില്‍ ആരംഭിച്ചു. അതേസമയം വിവാദ പ്രസംഗം നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നിരവധി സംഘടനകൾ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

'ചുറ്റുമുള്ള കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്നേഹവും സന്തോഷവുമാണ് എന്നാല്‍ സമൂഹനന്മയും സാമൂഹിക ഭദ്രതയും കാംഷിക്കുന്ന ആളുകള്‍ക്ക് ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയേണ്ടിവരും..' പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് ദീപികയിലെഴുതിയ മുഖപ്രസംഗത്തില്‍ നിന്ന്.

അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ? എന്ന തലക്കെട്ടിലാണ് ദീപിക​ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്​​. പാലാ ബിഷപ്പ്​ ജോസഫ്​ കല്ലറങ്ങാട്ട്​ വിശ്വാസികൾക്ക്​ നൽകിയ സന്ദേശം വിവാദമാക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന്​ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.ബിഷപ്പ്​ വിശ്വാസികളുമായി പങ്കുവെച്ചത്​ സഭയുടെ ആശങ്കയാണെന്നും ഒരു ​മതേതര ജനാധിപത്യരാജ്യത്തിൽ ഒരു സഭാധ്യക്ഷന് തന്‍റെ വിശ്വാസിസമൂഹവുമായി ആശങ്കകൾ പങ്കു​വെക്കാൻ അവകാശമില്ലേയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്​. അതു പാടില്ലെന്ന്​ ശഠിക്കാൻ ഇന്ത്യ മതാധിഷ്​ഠിത രാഷ്​ട്രമോ ഏകാധിപത്യ രാജ്യമോ ആയിട്ടില്ല. ബിഷപ്പിന്‍റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങൾക്ക്​ അവരുടേതായ അജണ്ടകളുണ്ട്​. ബിഷപ്പിനെ വിമർശിച്ചു രംഗത്തുവന്ന ചില രാഷ്​ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കാണ്​.തെരഞ്ഞെടുപ്പ്​ അടുക്കു​മ്പോൾ അരമനകൾ കയറിയിറങ്ങുന്നവരുടെ പ്രസ്​താവനകൾക്ക്​ അതിലപ്പുറം പ്രാധാന്യം നൽകേണ്ട കാര്യമില്ല. പക്ഷേ യഥാർഥപ്രശ്​നങ്ങൾ ചർച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ്​ ശ്രമം നടക്കുന്നത്​. ഈ പ്രീണന രാഷ്​ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാൻ ഒരു കാരണമെന്നും മുഖപ്രസംഗത്തിൽ പറഞ്ഞുവെക്കുന്നു.

ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്‍റെ പരാമര്‍ശം.ലവ് ജിഹാദിന്‍റെ ഭാഗമായി പല പെണ്‍കുട്ടികളും മതം മാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‍ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്.

"കേരളത്തിന്‍റെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഒരിക്കല്‍ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്‍ററാകുന്നു, തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്ന്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്‍ലിംകള്‍ നശിപ്പിക്കപ്പെടേണ്ടതാണ്. അതിനായി ഉപയോഗിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. എങ്ങനെ പെണ്‍കുട്ടിയെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികള്‍. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാവാം. നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല. യുദ്ധതന്ത്രമാണ്. രണ്ടാമത് നാര്‍ക്കോട്ടിക് ജിഹാദാണ്. ജിഹാദികൾ നടത്തുന്ന ഐസ്‌ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാവുന്നുണ്ട്. ക്ലബ് ഹൗസ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളിൽ അപകട സാധ്യത കൂടുതലുണ്ട് എന്ന് തിരിച്ചറിയണം"- പാലാ ബിഷപ്പ് പറഞ്ഞതില്‍ നിന്ന്.

TAGS :

Next Story