Quantcast

വയനാട് ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

അനധികൃതമെന്ന് ആരോപിച്ചാണ് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ പൊളിച്ചു മാറ്റിയത്

MediaOne Logo

Web Desk

  • Updated:

    2024-11-26 03:08:55.0

Published:

26 Nov 2024 2:11 AM GMT

വയനാട് ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ
X

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വയനാട് കൊല്ലി മൂല ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കൃഷ്ണനെ സസ്​പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്​പെൻഡ് ചെയ്ത ഉത്തരവിറക്കിയത്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പ് അധികൃതർ ആദിവാസികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയത്. അനധികൃതമെന്ന് ആരോപിച്ച് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ പൊളിച്ചു മാറ്റുകയായിരുന്നു. മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെയാണ് കുടിലുകൾ പൊളിച്ചതെന്ന് ആദിവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണം പോലും കഴിക്കാനാകാതെ കുഞ്ഞുങ്ങളടക്കം രാത്രി കഴിച്ചുകൂട്ടിയത് ആനയിറങ്ങുന്ന മേഖലയിലായിരുന്നു. പഞ്ചായത്തിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് വനം വകുപ്പിന്റെ നടപടി.

സംഭവത്തിന് പിന്നാലെ ഗർഭിണിയും കുട്ടികളും അടക്കം ആദിവാസികൾ വനം വകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സംഭവം വിവാദമായതോടെ ആദിവാസികളെ വനംവകുപ്പ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റി. ഏറെ നേരം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നടപടി. വീട് പണി പൂർത്തിയാകുന്നത് വരേ മൂന്നു കുടുംബങ്ങളെയും വാടകയില്ലാതെ ക്വാർട്ടേഴ്‌സിൽ താമസിപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.

TAGS :

Next Story