'നോട്ട് നിരോധനം റിസർവ് ബാങ്കിന്റെ തീരുമാനം, കാരണങ്ങൾ ബാങ്ക് വിശദീകരിച്ചിട്ടുണ്ട്': വി മുരളീധരൻ
'നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്'
വി മുരളീധരന്‍
തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ തീരുമാനമാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. റിസർവ് ബാങ്ക് ഒരു സ്വതന്ത്ര സംവിധാനമാണ്. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. അതേസമയം സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനമാണ് നോട്ട് നിരോധനമെന്നായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വിമർശനം.
ഇന്നലെ വൈകീട്ടാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.
Adjust Story Font
16