Quantcast

'പ്രാണവായു നിഷേധിക്കുന്നത് കിരാതം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം': കാന്തപുരം

മുഖ്യമന്ത്രിയുടെ സൗജന്യ വാക്സിൻ പ്രഖ്യാപനത്തെ പിന്തുണക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

MediaOne Logo

ijas

  • Published:

    24 April 2021 2:59 PM GMT

പ്രാണവായു നിഷേധിക്കുന്നത് കിരാതം, മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം: കാന്തപുരം
X

അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സമൂഹത്തിന് പ്രാണവായു നിഷേധിക്കുന്നത് കിരാതമായ നടപടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. മുഖ്യമന്ത്രിയുടെ സൗജന്യ വാക്സിൻ പ്രഖ്യാപനത്തെ പിന്തുണക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ദുബൈയിൽ പുറത്തിറക്കിയ വാർത്താകുറപ്പിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത്.

ഓക്സിജൻ ടാങ്കറുകൾ തടയുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു എന്ന വാർത്ത ഭീകരമാണ്. ഓക്സിജൻ ശേഖരമുള്ള സംസ്ഥാനങ്ങൾ കേഴുന്ന മറ്റു സംസ്ഥാനങ്ങൾക്ക് അതു നല്കാൻ സന്നദ്ധമാകുന്നതിനേക്കാൾ മാനവികമായ ഒരു ധർമവും ഇപ്പോൾ നിർവഹിക്കാനില്ല. രാഷ്ട്രീയവും ഭരണപരവുമായ അഭിപ്രായഭേദങ്ങളുടെ പേരിൽ ഒരു സമൂഹത്തിനു പ്രാണവായു നിഷേധിക്കുന്നതിനേക്കാൾ കിരാതമായി മറ്റൊന്നുമില്ല.

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടുകളെ സ്വാഗതം ചെയ്യുന്നു. അതേസമയം, കോവിഡ് പ്രതിരോധത്തിന് ദേശീയ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലും കൃത്യമായ ഏകോപനം വേണം. രണ്ടാം തരംഗത്തെ ഗവൺമെൻ്റുകൾ ഗൗരവതരമായി കണ്ടില്ലെന്ന വിമർശനം തള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലുകളും ആസൂത്രണവും വേണ്ട രൂപത്തിൽ ഉണ്ടായില്ല. തെരഞ്ഞെടുപ്പിൻ്റെ പേരിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ തന്നെ മുന്നിൽ നിന്നു. കോവിഡ് വാക്സിൻ വില്‍പ്പന നടത്തി കമ്പനികൾക്ക് ലാഭം കൊയ്യാനുള്ള അവസരമായി ഈ കാലം ദുരുപയോഗപ്പെടുത്തരുതെന്ന് കാന്തപുരം പറഞ്ഞു. സൗജന്യമായി വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനത്തെ പിന്തുണക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ദരിദ്ര മനുഷ്യരുടെ വാക്സിൻ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധമാകണമെന്നും കാന്തപുരം അഭ്യർത്ഥിച്ചു.

TAGS :

Next Story