കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം പിൻവലിക്കാം
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും
തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം പിൻവലിക്കാം. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ തിരികെ നൽകുന്നത് ഇന്ന് ആരംഭിക്കും. 11ാം തിയ്യതി മുതൽ അമ്പതിനായിരം രൂപ വരെയുള്ള കാലാവധി പൂർത്തികരിച്ച സ്ഥിര നിക്ഷേപങ്ങൾ പൂർണമായി പിൻവലിക്കാം.
20ാം തിയതി മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും സേവിങ് നിക്ഷേപകർക്കും അമ്പതിനായിരം വരെ പിൻവലിക്കാനുള്ള അവസരം നൽകുന്നുണ്ട്. ആകെയുള്ള 23,688 സേവിങ് ബാങ്ക് നിക്ഷേപരിൽ 21190 പേർക്ക് പൂർണമായി തുക പിൻവലിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.
അതേസമയം, കാലാവധി പൂർത്തിയായ മുഴുവൻ നിക്ഷേപങ്ങളും തിരികെ നൽകി നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകനായ ജോഷി ബാങ്കിന് മുന്നിൽ നിന്ന് കലക്ടറേറ്റിലേക്ക് നടപ്പ് സമരം ആരംഭിച്ചു. ടി എൻ പ്രതാപൻ എംപിയും സമരത്തിന് ഐക്യദാർഡ്യവുമായി രംഗത്തെത്തി.
അതിനിടെ, കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന് കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിക്കും. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത് സെപ്റ്റംബർ 4നായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിൽ നാലു പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി പറയുന്നത്.
Adjust Story Font
16