ഇന്‍റലിജന്‍സ് റിപ്പോർട്ടുണ്ടായിട്ടും മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തിയതില്‍ ദുരൂഹത; ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധം അന്വേഷിക്കും
ഐ.ജി ലക്ഷ്മൺ, ചേർത്തല സി.ഐ എന്നിവരും മോൺസണും തമ്മിലുള്ള ബന്ധമാണ് ഇന്‍റലിജന്‍സ് പരിശോധിക്കുന്നത്
പുരാവസ്തു ഇടപാടില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഇന്‍റലിജന്‍സ് പരിശോധിക്കുന്നു. ഐ.ജി ലക്ഷ്മൺ, ചേർത്തല സി.ഐ എന്നിവരും മോൺസണും തമ്മിലുള്ള ബന്ധമാണ് ഇന്‍റലിജന്‍സ് പരിശോധിക്കുന്നത്. വഴിവിട്ട ഇടപാടുകൾ ഉണ്ടോ എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പരിശോധന. മുൻ ഡി.ഐ.ജി സുരേന്ദ്രനുമായുള്ള ബന്ധവും അന്വേഷണപരിധിയിൽ വരും. അതേസമയം തട്ടിപ്പുകാരനെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട് നല്‍കിയിട്ടും മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തിയതില്‍ ദുരൂഹത തുടരുകയാണ്.
ഭൂമിതട്ടിപ്പ് കേസിലും പ്രതിയാണ് മോന്‍സണ്‍. വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ്. ഒരു കോടി 72 ലക്ഷം മോൺസൺ തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരൻ പറഞ്ഞു. മോൻസന്‍റെ സഹായി ജോഷിയുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. 50 ലക്ഷം നൽകാമെന്ന് പറഞ്ഞ് 14 കാറുകളും തട്ടിയെടുത്തതായും പരാതി നൽകി. രണ്ട് കേസിലും ക്രൈംബ്രാഞ്ച് മോൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മോന്‍സണെതിരെ ഒരു ആശാരി കൂടി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. വിഷ്ണുവിന്‍റെ വിശ്വരൂപം ഉൾപ്പെടെ 3 പ്രതിമകൾ മോന്‍സണ് നൽകി. 80 ലക്ഷം രൂപക്കായിരുന്നു കരാറെങ്കിലും 7.3 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ നിജസ്ഥിതി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.
Adjust Story Font
16