Quantcast

ദേവഗൗഡയുടെ വെളിപ്പെടുത്തൽ: സി.പി.എമ്മിന്റെ കപട നിലപാടിനെതിരെ ജനരോഷം ഉയരണം-റസാഖ് പാലേരി

''എൻ.ഡി.എയുടെ സഖ്യകക്ഷിയായ ഒരു പാർട്ടിയെ ഇടതു മുന്നണിയിൽ നിലനിർത്തുന്നതിന്റെ ന്യായം കേരളത്തോട് സി.പി.എം വ്യക്തമാക്കണം.''

MediaOne Logo

Web Desk

  • Published:

    20 Oct 2023 2:43 PM GMT

Rasak paleri on reservation rotation change
X

റസാഖ് പാലേരി

തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ജെ.ഡി.എസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ വസ്തുത വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി തുടരുന്ന മൗനം പലതരം സംശയങ്ങൾക്കും ഇട നൽകുന്നതാണ്. അധികാരം നിലനിർത്തുന്നതിന് ഏതറ്റം വരെയും പോകുന്നവരാണ് തങ്ങളെന്നാണ് പിണറായി വിജയനും കേരള സി.പി.എമ്മും ഇതിലൂടെ തെളിയിക്കുന്നത്. കേരളത്തിൽ അവസരം തേടി നടക്കുന്ന ബി.ജെ.പിക്ക് കൂടുതൽ ഇടം നൽകുന്നതിന്റെ ഭാഗമാണിത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻ.ഡി.എയുടെ സഖ്യകക്ഷിയായ ഒരു പാർട്ടിയെ ഇടതു മുന്നണിയിൽ നിലനിർത്തുന്നതിന്റെ ന്യായം കേരളത്തോട് സി.പി.എം വ്യക്തമാക്കണം.

സംഘ്പരിവാറിനെ തങ്ങൾ മാത്രമാണ് പ്രതിരോധിക്കുന്നതെന്ന സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന പ്രസ്താവനയാണ് ദേവഗൗഡ നടത്തിയിരിക്കുന്നത്-റസാഖ് പാലേരി പറഞ്ഞു.

ബി.ജെ.പി മുന്നണിയുടെ ഭാഗമായ ദേശീയ രാഷ്ട്രീയ പാർട്ടിയായ ജെ.ഡി.എസ്സിന്റെ ഭാഗം തന്നെയാണ് കേരള ഘടകം എന്ന് ദേശീയ അധ്യക്ഷൻ അസന്ദിഗ്ധമായി വെളിപ്പെടുത്തിയിട്ടും ആ പാർട്ടിയുടെ പ്രതിനിധിക്ക് മന്ത്രിസ്ഥാനം നൽകുകയാണിവിടെ. അതേസമയം തന്നെ സംഘ്പരിവാർ വിരുദ്ധരാണ് തങ്ങളെന്ന് മേനിനടിക്കുകയും ചെയ്യുന്ന കേരള സി.പി.എമ്മിന്റെ കാപട്യ നിലപാടിനെതിരെ വൻ ജനരോഷം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Welfare Party Kerala State President Razak Paleri calls for public outrage against CPM's hypocritical stand after Deve Gowda's controversial revelation

TAGS :

Next Story