മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹരജി മാറ്റിവെക്കണമെന്ന് ദിലീപ്
മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹരജി മാറ്റി വെയ്ക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ. മെമ്മറി കാർഡ് ചോർന്ന സംഭവം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വാദം മാറ്റി വെക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടത്. മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു.
അതിജീവിതയുടെ ഹരജിയുടെ ഉദ്ദേശം കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു. ഹർജിയിൽ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ എഫ്എസ്എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാം എന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് ഹരജി മാറ്റി വെയ്ക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആവശ്യം.
ഹരജിയെ കേസിലെ പ്രതിയായ ദിലീപ് ശക്തമായി എതിർത്തിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഹരജിക്കാരിയുടെ ശ്രമം എന്നാണ് ദിലീപിന്റെ വാദം. ഈ നീക്കത്തെ പ്രോസിക്യൂഷൻ പിന്തുണയ്ക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെടുന്നതിലും ആശങ്ക എന്തിനാണെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാട്.
Adjust Story Font
16