'ബിഹാറിലെ 'റോബിന്‍ ഹുഡ്', ഗൂഗിളില്‍ നോക്കി സമ്പന്നരുടെ വീട് കേന്ദ്രീകരിച്ച് മോഷണം'; ഒടുവില്‍ കൊച്ചി പൊലീസിന്‍റെ പിടിയില്‍
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയുടെ ഭാര്യ ബിഹാര്‍ സീതമര്‍സിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍.പ്രതി മുഹമ്മദ് ഇർഷാദ് മുംബൈ സ്വദേശിയാണ്.
നഷ്ടമായ 20 ലക്ഷം രൂപയുടെ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ 'റോബിന്‍ ഹുഡ്' എന്നറിയപ്പെടുന്ന പ്രതി മോഷണം നടത്തുന്നത് പാവങ്ങളെ സഹായിക്കാനാണെന്നാണ് മൊഴി.
ആറ് സംസ്ഥാനങ്ങളില്‍ 19 കേസുകള്‍. നാല് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം ആരംഭിച്ചത്. ഗൂഗിളില്‍ നോക്കി സമ്പന്നരുടെ വീട് കേന്ദ്രീകരിച്ചാണ് മോഷണം. ഏപ്രില്‍ 20ന് കേരളത്തിലെത്തിയ പ്രതി തിരുവന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലും മോഷണം നടത്തിയിട്ടുണ്ട്. മറ്റ് മൂന്ന് വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. പ്രതിയുടെ ഭാര്യ ബിഹാറിലെ സീതമര്‍സിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. ഈ കാറുപയോഗിച്ചാണ് കേരളത്തിലെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്ക്കു പുറത്തേക്ക് പോയതുമായ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ കൂടി കിട്ടിയതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചേര്‍ന്നത്.
Adjust Story Font
16