"കുട്ടികൾ മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ, വിദ്യാർഥികളോട് വിരോധമില്ല": മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു, വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു.
കൊച്ചി: കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്ന് മഹാരാജാസ് കോളജിലെ അധ്യാപകൻ ഡോക്ടർ പ്രിയേഷ്. തെറ്റ് ചെയ്തവർ മാപ്പ് പറയണം. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു.
പ്രതികൂലമായ സാഹചര്യങ്ങൾ മറികടന്നാണ് ഇത്രയും വരെ എത്തിയത്. അംഗപരിമിതനായ ഒരാളെ കളിയാക്കാനുള്ള ഏറ്റവും വലിയ ആയുധം അയാളുടെ പരിമിതിയെ കളിയാക്കുക എന്നുള്ളതാണ്, അതാണ് തന്നെയും വേദനിപ്പിച്ചത്. പരാതി കൊടുത്തതിന് ശേഷമാണ് കുട്ടികൾ ആരാണ് എന്നുള്ള പേര് കേൾക്കുന്നത്. ഫാസിലുമായി യാതൊരു പ്രശ്നവുമില്ല. മാത്രമല്ല ഒരു വിദ്യാർഥിയോടും വ്യക്തിപരമായി പ്രശ്നമില്ല.
മുഹമ്മദ് ഫാസിൽ വൈകിവരുന്ന ആളാണ്. ക്ലാസിൽ വരുമ്പോൾ പെർമിഷൻ ചോദിച്ചിരുന്നു. കസേര എടുത്ത് മാറ്റിയ സ്വാതി എന്ന കുട്ടി എന്നെ സഹായിക്കുകയാണ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല. കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണം എന്നാണ് ആഗ്രഹമെന്നും അധ്യാപകൻ വ്യക്തമാക്കി.
അംഗപരിമിതരായ ആളുകളുടെ പ്രയാസത്തെ മനസിലാക്കണം. കുട്ടികൾ മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെയെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.
അതേസമയം, അധ്യാപകനെ അപമാനിച്ചതിൽ കെ.എസ്.യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. മഹാരാജാസിൽ എസ്എഫ്ഐ രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. അപമാനിച്ചു എന്ന് പറയുന്നവരുടെ കൂട്ടത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഫാസിലില്ല.ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.
ക്ലാസിൽ ഉള്ള വിദ്യാർഥികൾക്ക് മാത്രമേ സത്യാവസ്ഥ എന്താണെന്നറിയുവെന്നും സസ്പെൻഷന്റെ കാര്യം അറിയിച്ചിട്ടില്ലെന്നും മുഹമ്മദ് ഫാസിലും പ്രതികരിച്ചു.
Adjust Story Font
16