ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ
മുൻകൂർ ജാമ്യത്തിനായി ആകാശ് ഹൈക്കോടതിയെ സമീപിക്കും
കണ്ണൂർ: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരിയും ജയപ്രകാശുമാണ് പിടിയിലായത്.
ജിജോയെ തില്ലങ്കേരിയിലുള്ള വീട്ടിൽ വച്ചും ജയപ്രകാശിനെ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മുഴക്കുന്ന് പൊലീസാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.
പൊലീസ് സ്റ്റേഷനിലെ നടപടികൾക്ക് ശേഷം ഇരുവരെയും മട്ടന്നൂർ ജില്ലാ കോടതിയിൽ ഹാജരാക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പോലും ജിജോയും ജയപ്രകാശുമടക്കമുള്ളവർ സജീവമായി സോഷ്യൽ മീഡിയയിലുണ്ടായിരുന്നു. ഫേസ്ബുക്കിൽ ആകാശിനെതിരായി ഉയരുന്ന ആരോപണങ്ങളെ വലിയ രീതിയിൽ പ്രതിരോധിച്ചിരുന്നതും ഇവരായിരുന്നു.
മൂന്ന് പേരും ഇന്ന് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് മഫ്തിയും അല്ലാതെയും സമീപത്ത് തമ്പടിച്ചിരുന്നെങ്കിലും പറഞ്ഞ സമയം കഴിഞ്ഞും ഇവരെത്തിയില്ല. തുടർന്നാണ് 2.15ഓട് കൂടി ജിജോയെയും ജയപ്രകാശിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആകാശ് അൽപസമയം മുമ്പ് എറണാകുളത്തെത്തി അഭിഭാഷകനെ കണ്ടതായാണ് വിവരം. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തേക്കും. കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനായുള്ള ശ്രമം.
ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹി കൂടിയായ വനിതാ നേതാവ് നൽകിയ പരാതിയിലാണ് ജിജോയെയും ജയപ്രകാശിനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് അല്ല എന്നത് കൊണ്ടു തന്നെ കോടതി വിധി നിർണായകമാകും. രാത്രിയോടെ മാത്രമേ ഇരുവരെയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കൂ.
Adjust Story Font
16