ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്
ആര്‍.ടി.ഒ ഓഫീസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട വ്ലോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്.
കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ അതിക്രമിച്ച് കയറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഭാഗം കൂടി കേട്ട ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.
നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ലോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് ഉന്തും തളളിലും കലാശിക്കുകയുമായിരുന്നു. ഇതിനിടെ ആര്‍.ടി.ഒ ഓഫീസിലെ മോണിറ്റര്‍ തകര്‍ത്തത് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന ആരോപണവുമായി വ്ലോഗേഴ്സിനെ പിന്തുണക്കുന്ന വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16