ലൈഫ് മിഷൻ കേസ്: ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. മറ്റു പ്രതികൾക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അറസ്റ്റ് നടന്ന് 60 ദിവസം പിന്നിടുന്നതിനാലാണ് കുറ്റപത്രം നൽകിയത്.
കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കപ്പെടുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യഹരജി ഹൈക്കോടതി തള്ളിയത്.
മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ബന്ധവും ഭരണ കക്ഷിയിലുള്ള സ്വാധീനവും കോടതി പരാമർശിച്ചു. ഇത്തരം സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ തെളിവുകൾ നശിപ്പിക്കാൻ സാധ്യത കൂടുതലെന്നും കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയിൽ നിയമനം നൽകിയെന്നും സർക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിനു കാരണമെന്നും കോടതി പറഞ്ഞു.
അതേസമയം, കേസിൽ എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നേരത്തെ ഇ.ഡി സമർപ്പിച്ചിരുന്നു. മാർച്ച് 28ന് ശിവശങ്കറുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ വാദങ്ങൾ ഇ.ഡി ഹൈക്കോടതിയിൽ ഉയർത്തിയിരുന്നു. കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചത്.
സ്വപ്‌ന സുരേഷിന്റെ വാട്ട്സ്ആപ്പ് ചാറ്റും സന്തോഷ് ഈപ്പന്റെ ബാങ്ക് ഇടപാടുകളുമുൾപ്പടെ കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടെന്നായിരുന്നു ഇ.ഡി വാദം. തെളിവുകളുണ്ടായിട്ടും ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
Adjust Story Font
16