കൊടകരക്കേസിൽ ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുന്നു: എം.വി ഗോവിന്ദൻ
ശനിയാഴ്ച കൊച്ചി ഇഡി ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തും

കൊച്ചി: കൊടകരക്കേസിൽ ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർഎസ്എസിനും ബിജെപിക്കും വേണ്ടി എന്ത് വൃത്തികെട്ട നിലപാടും ഇഡി സ്വീകരിക്കുന്നുവെന്നും സുരേന്ദ്രന്റെ അറിവോടെയാണ് കുഴൽപ്പണ ഇടപാട് നടന്നതെന്ന് നേരത്തെ വ്യക്തമായതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ കേസ് സിപിഎമ്മിനെതിരെ തിരിച്ചുവിട്ടെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ശനിയാഴ്ച കൊച്ചി ഇഡി ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തും.
'പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസ് ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. ബിജെപിക്കായി ചാർജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇഡി കോടതിയിൽ എത്തിച്ചത്. കോടിക്കണക്കിന് രൂപ ബിജെപി ഓഫീസിൽ എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറിയാണ് മൊഴി നൽകിയത്. എന്നാൽ ഇഡി തിരൂർ സതീഷിൽ നിന്ന് മൊഴി എടുത്തില്ല'- എം.വി ഗോവിന്ദൻ പറഞ്ഞു.
നിറത്തിന്റെ പേരിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ അധിക്ഷേപിച്ചതിൽ എം.വി ഗോവിന്ദൻ വിമർശിച്ചു. ഒരാളെ അളക്കുന്നത് കറുപ്പോ വെളുപ്പോ എന്ന് നോക്കിയാവരുത്. സൗന്ദര്യത്തിന്റെ അടയാളം വെളുപ്പാണെന്ന് ധരിച്ച് വച്ചിരിക്കുകയാണ് ചിലർ.
ഫ്യൂഡൽ ജീർണതയുടെ മനസ്സിന്റെ ഭാഗമായിട്ടാണ് ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ചത്. കർശനമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കണം. പരമ്പരാഗത ധാരണയുടെ ഭാഗമായിട്ടാണ് പ്രതിഷധത്തിന് കറുത്ത കൊടി വരുന്നത്. അത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16