മാസപ്പടി കേസ്; സിഎംആർഎല്ലിന് ഇ.ഡി നോട്ടീസ്
നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് ഇ.ഡിയുടെ നോട്ടീസ്. രേഖകളുമായി നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസം ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി.
സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി നാളെ കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് സിഎംആർഎൽ പ്രതിനിധിക്ക് നൽകിയിരിക്കുന്ന നിർദേശം. സിഎംആർഎൽ വിവിധ വ്യക്തികളും സ്ഥാപനങ്ങളുമായി നടത്തിയ 135 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചാണ് ഇ.ഡി പരിശോധിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ കമ്പനിയായ എക്സാലോജിക് യാതൊരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി കൈപ്പറ്റിയത് സംബന്ധിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ടെന്ന് ആർ ഒ സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എസ്എഫ്ഐ അന്വേഷണം തുടരുന്നതിനിടയിൽ ആയിരുന്നു ഇ സി ഐ ആര്‍ രജിസ്റ്റർ ചെയ്ത് ഇ.ഡിയും തുടർ നടപടികളിലേക്ക് കടന്നത്. സിഎംആർഎൽ പ്രതിനിധിയിൽ നിന്ന് വിവരശേഖരണം നടത്തിയ ശേഷം ആകും കൂടുതൽ പേരുടെ മൊഴിയെടുപ്പിലേക്ക് അന്വേഷണ സംഘം കടക്കുക.
Adjust Story Font
16