മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്
തൃശൂർ: മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന്റെ വീട്ടിൽ എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ്(ഇ.ഡി) റെയ്ഡ്. വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലാണു പരിശോധന നടക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണു വിവരം.
കൊച്ചിയില്‍നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തൃശൂരിലെ തന്നെ ചില ബിനാമികളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണു വിവരം.
കോടികളുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികളുടെ മൊഴിയെടുക്കലടക്കം നടന്നിരുന്നു. ഇ.ഡി റിപ്പോർട്ട് നൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. കേസിൽ പരാതിക്കാരനായ സുരേഷിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സി.പി.എം നേതാക്കൾക്കും ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തട്ടിപ്പിലെ പണം സി.പി.എമ്മിനാണു ലഭിച്ചതെന്നും ആരോപണമുണ്ടായിരുന്നു.
2021 ആഗസ്റ്റിലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു സഹകരണ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. വ്യാജരേഖകൾ ഉണ്ടാക്കി വായ്പ നൽകി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പിൽ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ 226 കോടി രൂപ ബാങ്കിന് നഷ്ടമായി.
വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടി രൂപയാണ്. പ്രതിമാസ ചിട്ടി നടത്തിപ്പിൽ 19 കോടി തട്ടിപ്പ് നടത്തി. സഹകരണ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ 1.8 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.
Summary: ED raid at the house of former minister AC Moideen related to Karuvannur bank scam case
Adjust Story Font
16