Quantcast

മാസപ്പടി കേസ്: ടി. വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും; എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു

പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസിൽ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-04-09 04:09:09.0

Published:

9 April 2025 7:46 AM IST

ED will Register Case Against T Veena in Masappadi Case
X

ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും. എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്ന് ഇഡി പറയുന്നു.

പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസിൽ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ കർണാടക ഹൈക്കോടതിയിൽ ഈ കേസ് വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് കേസെടുത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്.

ഇന്ന് രണ്ട് മണിയോടെ എസ്എഫ്‌ഐഒ- സിഎംആർഎൽ കേസ് ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണയ്‌ക്കെതിരെ കേസെടുക്കാനുള്ള ഇഡി നീക്കം. നേരത്തെ വീണയെ പ്രതിയാക്കി എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിക്കുകയും ഇതിനെതിരെ ഹരജി സമർപ്പിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇഡി നടപടിക്കൊരുങ്ങുന്നത്.

കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഹരജിയും ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ഇഡിയുടെ പ്രാഥമികാന്വേഷണ ഭാഗമായുള്ള തുടർനടപടികൾ ഉണ്ടാവുന്നത്.

കേസിൽ ടി. വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകിയിരുന്നു. സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്‌സാലോജിക് കമ്പനിക്കാണ് പണം നൽകിയിരിക്കുന്നത്. ഒരു സേവനവും നൽകാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.

നേതാക്കൾക്ക് സിഎംആർഎൽ കോടികൾ നൽകിയെന്നും കണ്ടെത്തലുണ്ട്. ടി. വീണ, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് പ്രോസിക്യൂഷൻ നടപടിക്ക് അനുമതിയുണ്ടായത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.




TAGS :

Next Story