എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയുടെ റിമാൻഡ് നീട്ടി
മെയ് 4 വരെയാണ് റിമാൻഡ് നീട്ടിയത്. എൻഐഎ ഷാരൂഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്ത ദിവസം അപേക്ഷ നൽകുമെന്നാണ് വിവരം
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ റിമാൻഡ് കാലാവധി നീട്ടി. മെയ് 4 വരെയാണ് റിമാൻഡ് നീട്ടിയത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ആദ്യഘട്ടത്തിൽ 14 ദിവസത്തേക്കായിരുന്നു ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്‌തിരുന്നത്. ഇത് ഇന്ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടാൻ അപേക്ഷ നൽകുകയും കോടതി റിമാൻഡ് നീട്ടുകയും ചെയ്തത്.
നിലവിൽ ഷാരൂഖ് സെയ്ഫി എൻഐഎയുടെ കസ്റ്റഡിയിലല്ല. വിയ്യൂരിലെ സുരക്ഷാ ജയിലിലാണ് ഇയാളുള്ളത്. എൻഐഎ ഷാരൂഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്ത ദിവസം അപേക്ഷ നൽകുമെന്നാണ് വിവരം. ഇന്ന് വീഡിയോ കോൺഫറൻസ് വഴി ഷാരൂഖ് സെയ്‌ഫിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം, ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷാരൂഖ് സെയ്ഫി തീവ്രചിന്താഗതിയുള്ള ആളാണ്. പ്രതി എത്തിയത് കൃത്യമായ ഉദ്ദേശ്യത്തോടെയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഷാരൂഖ് സെയ്ഫിയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു.
ഷാരൂഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയതു മുതല്‍ കൃത്യം ചെയ്ത് രത്നഗിരിയിലേക്ക് കടന്നതു വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. പ്ലസ് ടുവാണ് ഷാരൂഖ് സെയ്ഫിയുടെ വിദ്യാഭ്യാസം. ആദ്യമായിട്ടാണ് കേരളത്തിലെത്തിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നതെന്നും എ.ഡി.ജി.പി പറഞ്ഞു. യു.എ.പി.എ ചുമത്തിയ സാഹചര്യത്തിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ കൂടുതൽ ദിവസം കസ്റ്റഡിൽ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16