എൽദോസ് യുവതിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു; കോടതി ബഹിഷ്‌ക്കരിച്ച് അഭിഭാഷകർ
യുവതിയുടെ വാടകവീട്ടിലെത്താൻ എൽദോസ് കുന്നപ്പിള്ളിൽ സ്ഥിരമായി ഉപയോഗിക്കുന്നത് സുഹൃത്ത് ജിഷ്ണുവിന്റെ കാറാണെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പരാതിക്കാരിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു. എൽദോസിന്റെ സുഹൃത്ത് ജിഷ്ണുവിന്റെ കാറാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സാക്ഷിമൊഴികളും എം.എൽ.എയുടെ മൊഴികളുമായി വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. അതേസമയം, അഭിഭാഷകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുവതിയുടെ വാടകവീട്ടിൽ വരാൻ എൽദോസ് കുന്നപ്പിള്ളിൽ സ്ഥിരമായി ഉപയോഗിക്കുന്നത് സുഹൃത്ത് ജിഷ്ണുവിന്റെ കാറാണ്. ഈ കാറിലാണ് പരാതിയിൽ പറയുന്ന ദിവസം യുവതിയെ കോവളത്ത് എത്തിച്ചതും ആക്രമിച്ചതുമെന്നാണ് പൊലീസ് പറയുന്നത്. ജിഷ്ണുവിന് നോട്ടീസ് നൽകിയാണ് കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ എൽദോസിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വരുംദിവസങ്ങളിൽ പെരുമ്പാവൂരിലെയും കളമശ്ശേരിയിലെയും വീട്ടിലെത്തിച്ച് തെളിവെടുക്കാനാണ് നീക്കം. ചോദ്യംചെയ്യലിനോട് എൽദോസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം ആവർത്തിക്കുന്നു. സംഭവസമയം ഒപ്പമുണ്ടായിരുന്ന പി.എയുടെ മൊഴിയും എം.എൽ.എയുടെ മൊഴിയുമായി വൈരുധ്യമുണ്ട്. അതിനാൽ മൊഴികൾ വീണ്ടും വിശദമായി പരിശോധിക്കണമെന്നും പൊലീസ് പറയുന്നു.
ഇക്കാര്യങ്ങൾ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ഇതോടൊപ്പം വഞ്ചിയൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും.
അതേസമയം, കേസിൽ തങ്ങൾക്കെതിരെ കേസെടുത്തത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് അഭിഭാഷകർ. എൽദോസിന്റെ അഭിഭാഷകൻ കുറ്റിയാണി സുധീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യഘട്ടമായാണ് ഇന്ന് കോടതി ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ ബാർ അസോസിയേഷനും രംഗത്തെത്തുമെന്നാണ് വിവരം.
Summary: The car that Eldos Kunnapillil MLA brought the complainant to Kovalam was taken into custody
Adjust Story Font
16