Quantcast

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളാ ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിന്: കെ മുരളീധരൻ എം.പി

അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Updated:

    2022-09-20 04:55:23.0

Published:

20 Sep 2022 4:34 AM GMT

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളാ ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിന്: കെ മുരളീധരൻ എം.പി
X

ആലപ്പുഴ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ മുരളീധരൻ എം.പി. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതൽ വ്യക്തമാക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് അറിയിച്ചു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയിൽ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കിൽ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കേരളത്തിൽ നിന്നുള്ള നേതാവ് മത്സരിച്ചാൽ സാഹചര്യം വിലയിരുത്തി പിന്തുണ നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂർ എംപി ട്വീറ്റിലൂടെ സൂചന നൽകി. പാർട്ടിയിൽ ക്രിയാത്മകമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രവർത്തകർ സ്ഥാനാർഥികൾക്ക് നൽകുന്ന നിവേദനം പങ്കുവച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾ പ്രചരിപ്പിക്കുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിവേദനം അംഗീകരിക്കുന്നതിലും മുന്നോട്ട് പോകുന്നതിലും സന്തോഷമുണ്ടെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.


ചിന്തൻ ശിബിർ തത്വങ്ങളെ ഓർമപ്പെടുത്തുന്നതാണ് നിവേദനമെന്നും ഭരണഘടന മൂല്യങ്ങളും മതേതരത്വവും കർശനമായി പാലിക്കണമെന്നും പറഞ്ഞു. സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നിവേദനത്തിലുള്ളത്.

ശശി തരൂർ സ്ഥാനാർഥിയായാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്‌ലോട്ടുമായുള്ള നേർക്കുനേർ മത്സരമാകും. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ നെഹ്‌റു കുടുംബത്തിന്റെ നോമിനിയായായിരിക്കും ഗെഹ്‌ലോട്ട് മത്സരിക്കുക. സോണിയ ഗാന്ധിയെ നേരിൽ കണ്ട തരൂർ മത്സരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരിക്കുകയാണ്.

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന പ്രമേയം വിവിധ സംസ്ഥാന പിസിസികൾ പാസാക്കുന്നുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ. നിലവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബീഹാർ, തമിഴ്‌നാട്, ജമ്മു പിസിസികൾ പ്രമേയം പാസാക്കിയിട്ടുണ്ട്. ഹിമാചൽ പിസിസി പ്രമേയം അവതരിപ്പിക്കാൻ ഇരിക്കെയാണ് രാഹുൽ നിലപാടിൽ ഉറച്ചു നിൽക്കുന്നത്. ഇതോടെയാണ് നെഹ്‌റു കുടുംബത്തിന്റെ നോമിയായി അധ്യക്ഷ സ്ഥാനത്തെക്കുള്ള മത്സരത്തിലേക്ക് അശോക് ഗെഹ്‌ലോട്ട് എത്തുന്നത്. നേരത്തെ സോണിയ ഗാന്ധി, ഗെഹ്‌ലോട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നെഹ്‌റു കുടുംബത്തോട് ഏറ്റവും കൂടുതൽ കൂറ് പുലർത്തുന്ന നേതാവാണ് ഗെഹ്‌ലോട്ട്. 26ന് ഗെഹ്‌ലോട്ട് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തിരുത്തൽവാദി നേതാക്കളുടെ പൊതു സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നയാണ് ശശി തരൂർ. തരൂർ മത്സരിക്കുന്നതിൽ സോണിയ ഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്‌ലോട്ട് -ശശി തരൂർ മത്സരത്തിനും, അതിനുപരി നെഹ്‌റു കുടുംബ പക്ഷവും തിരുത്തൽ വാദി പക്ഷവും തമ്മിലുള്ള മത്സരത്തിനുമാകും വഴി തുറക്കുക.

കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജയപ്രകാശ് അഗർവാൾ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ സോണിയ ഗാന്ധിയെ കാണാനായി എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ശശി തരൂർ തള്ളിയിട്ടില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂർ നേരത്തെ അഭിപ്രായപ്പെട്ടത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന തരൂർ നൽകിയിരുന്നു. പൊതുസ്ഥാനാർഥിയായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ശശി തരൂർ താത്പര്യപ്പെടുന്നത്. ജി 23 നേതാക്കളുടെ പിന്തുണ തരൂരിന് ഉണ്ട്.

ഇന്ന്‌ മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ടാകും. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ മൂന്ന് ദിവസത്തിന് ശേഷം സ്വീകരിക്കാന്‍ തുടങ്ങും. ഒക്ടോബർ 17നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകണമെന്ന് ശശി തരൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

Election of Congress President; Kerala unit's support for Nehru family: K Muralidharan MP

TAGS :

Next Story