ആറാട്ടുപുഴ ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു
എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്
തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വഴിയിലൂടെ കിഴക്കേ നടയിലേയ്ക്ക് ഓടിയ ആന പിന്നീട് സ്റ്റേജിന് അരികിലൂടെ വടക്ക് വശത്തേയ്ക്ക് ഓടുകയായിരുന്നു. ഉടൻ തന്നെ പാപ്പാൻമാരും എലഫെന്റ് സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് ആനയെ തളച്ചു.
ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ കഴിഞ്ഞ ദിവസവും ആനയിടഞ്ഞിരുന്നു. അമ്മത്തിരുവടി വിഭാഗത്തിന്റെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. ഇരു ആനകളും പൂരപ്പറമ്പിലൂടെ ഓടി. ആളുകൾ ചിതറിയോടിയതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. മാർച്ച് 22ന് രാത്രി 11 മണിയോടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേർക്ക് തിരിഞ്ഞ രവികൃഷ്ണൻ പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾക്ക് പരിക്കുണ്ട്. ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അർജുനൻ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോർത്തു. പിന്നീട് എലഫൻറ് സ്‌ക്വാഡെത്തി ആനകളെ തളയ്ക്കുകയായിരുന്നു.
Adjust Story Font
16