മണിപ്പൂരിൽ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു; പ്രധാനമന്ത്രി
മണിപ്പൂർ ഇപ്പോൾ സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവന്നെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി: മണിപ്പൂരിൽ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംസ്ഥാന സർക്കാരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂർ ചെറിയ സംസ്ഥാനമാണ്. സംഘർഷത്തിൽ 11,000 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നും മോദി അവകാശപ്പെട്ടു. 5000ഓളം പേരെ അറസ്റ്റ് ചെയ്തെന്നും രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയവെ മോദി പറഞ്ഞു.
ആഭ്യന്തരമന്ത്രി പല തവണ മണിപ്പൂർ സന്ദർശിക്കുകയും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. മണിപ്പൂർ ഇപ്പോൾ സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവന്നെന്നും മോദി പറഞ്ഞു. അവിടെ സ്‌കൂളുകളും കോളജുകളുമൊക്കെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും സാധാരണ നിലയിലാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിനെതിരെയും മോദി രംഗത്തെത്തി. മണിപ്പൂരിലെ സാമുദായിക സംഘർഷത്തിന്റെ ആഴം കോൺഗ്രസിന് അറിയാം. അവിടെയുള്ളത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. കോൺഗ്രസ് ഭരണകാലത്ത് നിരവധി തവണയാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടായതെന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷം അവിടെ കലാപത്തിന്റെ തീ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നും മണിപ്പൂരിലെ ജനത ഈ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. മണിപ്പൂർ വിഷയവും നീറ്റ് ക്രമക്കേടും പ്രധാനമന്ത്രി പാർലമെന്റിൽ പരാമർശിക്കാത്തതിനെതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മണിപ്പൂരടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
നീറ്റ് ക്രമക്കേടിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതോടെ ഇത്തവണത്തെ ആദ്യ പാർലമെന്റ് സമ്മേളനം അവസാനിച്ചു. രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Adjust Story Font
16