Quantcast

സ്വർണക്കടത്ത്: കസ്റ്റംസ് തെളിവുകൾ ഷാഫിയും അർജുനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതെന്ന് കോടതി

അർജുനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കസ്റ്റംസ് അപേക്ഷ വീണ്ടും തള്ളി; ജയിലിലെത്തി ചോദ്യം ചെയ്യാമെന്ന് കോടതി

MediaOne Logo

Web Desk

  • Updated:

    2021-07-09 13:07:24.0

Published:

9 July 2021 11:57 AM GMT

സ്വർണക്കടത്ത്: കസ്റ്റംസ് തെളിവുകൾ ഷാഫിയും അർജുനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതെന്ന് കോടതി
X

രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും ടിപി വധക്കേസ് പ്രതിയായിരുന്ന മുഹമ്മദ് ഷാഫിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് ഹൈക്കോടതി. കസ്റ്റംസ് കഴിഞ്ഞ ദിവസം സമർപ്പിച്ച തെളിവുകളാണ് ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, അർജുനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കസ്റ്റംസ് അപേക്ഷ കോടതി വീണ്ടും തള്ളി. ജയിലിലെത്തി ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ഇന്ന് കസ്റ്റംസ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇതിൽ കോടതിയിൽ വിശദമായ വാദം നടന്നു. തുടർന്ന് നടത്തിയ ഉത്തരവിലാണ് കോടതി ഷാഫിയും അർജുനും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയത്.

കേസിൽ ചോദ്യം ചെയ്യാനിരിക്കുന്ന ഷാഫി പന്ത്രണ്ടുവർഷം കടിന തടവുശിക്ഷ അനുഭവിച്ചയാളാണ്. ടിപി വധം ഉൾപ്പെടെയുള്ള വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്. ഇയാളുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് അടുത്ത ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ കസ്റ്റംസ് ഹാജരാക്കിയിട്ടുണ്ടെന്നാണ് കോടതി അറിയിച്ചത്. മുദ്രവച്ച കവറിലാണ് കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചത്. എന്തു തെളിവുകളാണ് കസ്റ്റംസ് സമർപ്പിച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ഷാഫിയുടെ വീട് റെയ്ഡ് ചെയ്ത സമയത്ത് കണ്ടെടുത്ത വിവരങ്ങളാണ് കോടതിക്ക് കൈമാറിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിനൊപ്പം അർജുന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത തെളിവുകളും കസ്റ്റംസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതുരണ്ടും പരിശോധിച്ച ശേഷമാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലുള്ള നിഗമനത്തിൽ കോടതിയെത്തിയതെന്നാണ് മനസിലാകുന്നത്.

അർജുനെ നാലുദിവസം കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യമായിരുന്നു കസ്റ്റംസ് ഉന്നയിച്ചിരുന്നത്. നേരത്തെ അർജുനെ ഏഴുദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിൽ അർജുനെ കണ്ണൂരിലടക്കം എത്തിച്ച് വിശദമായ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അത്തരത്തിലുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സ്ഥിതിക്ക് ഇനിയും കസ്റ്റഡിയിൽ വിടേണ്ടെന്ന തീരുമാനമാണ് കോടതി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഏതു സമയത്തും ജയിലിലെത്തി ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നൽകിയിട്ടുണ്ട്. ഷാഫിയെ ചോദ്യം ചെയ്ത ശേഷം അർജുനെ കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നും കോടതി അറിയിച്ചു.

കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് ഷഫീഖിന് നേരത്തെ കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. ഉപാധികളോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യം നല്‍കിയത്. ഷഫീഖിന്‍റെ ജാമ്യാപേക്ഷയില്‍ കസ്റ്റംസ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.

TAGS :

Next Story