എക്സാലോജിക് - സി.എം.ആർ.എൽ ഇടപാട്: മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ബംഗളൂരു ആർ.ഒ.സി റിപ്പോർട്ട്
കേന്ദ്ര ഏജൻസികളെ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിട്ടാണ് സി.പി.എം കാണുന്നത്
തിരുവനന്തപുരം: എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തി ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനി (ആർ.ഒ.സി) റിപ്പോർട്ട്. സർക്കാർ വകുപ്പായ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി പങ്കാളിത്തമുള്ള സി.എം.ആർ.എല്ലിന് - എക്സാലോജിക്കുമായുള്ള കരാറാണ് മുഖ്യമന്ത്രിയെ ഇതിൽ ഭാഗമാക്കാൻ ആർ.ഒ.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വീണ്ടും എത്തിക്കാനുള്ള രാഷ്ട്രീയ നീക്കായിട്ടാണ് ആർ.ഒ.സി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തുവരുന്നതിനെ സി.പി.എം കാണുന്നത്.
ബംഗളൂരു ആർ.ഒ.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനി, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ആരംഭിച്ചത് . ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോർട്ടുകളിലെ വിവിധ ഭാഗങ്ങളിൽ എക്‌സാലോജിക്കിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി കണ്ടെത്തലുകളുണ്ട്.
കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടിലെ ഒരു ഭാഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശങ്ങൾ കാണാം. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആര്‍.എല്ലല്‍ 13.4 ശതമാനം ഓഹരിയുണ്ട്. അതിനാൽ സി.എം.ആര്‍.എല്‍ ഡയറക്ടർ ബോര്‍ഡിൽ കെ.എസ്.ഐ.ഡി.സിക്ക് സ്വാധീനമുണ്ട്. കെ.എസ്.ഐ.ഡി.സിയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ മകളാണ് വീണ. അതിനാൽ തന്നെ തൽപരകക്ഷി ബന്ധമുണ്ടെന്നാണ് ആർ.ഒ.സി പറയുന്നത്.
എന്നാൽ, സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സി നിക്ഷേപിക്കുന്ന സമയത്ത് തന്റെ കുടുംബാംഗങ്ങൾക്ക് അതുമായി ബന്ധമില്ലെന്ന് വീണ ആർ.ഒ.സിക്ക് മറുപടി നൽകിയതായും റിപ്പോർട്ടിലുണ്ട്. സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട് കാലത്ത് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയനാണെന്നതാണ് തൽപരകക്ഷി ബന്ധം സ്ഥാപിക്കാൻ ആർ.ഒ.സി റിപോർട്ടിലുള്ളത്. ഇത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്.
എന്നാൽ, ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കിയ ആർ.ഒ.സി, അതിൽ തന്നെയുള്ള മറ്റു പേരുകളിലെ വിശദാംശങ്ങളിലേക്ക് എന്തുകൊണ്ട് കടന്നില്ല എന്ന ചോദ്യമാണ് ഇതിനെ പ്രതിരോധിക്കാൻ സി.പി.എം ഉന്നയിക്കുന്നത്. കേന്ദ്ര ഏജൻസികളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിട്ടാണ് സി.പി.എം ഇതിനെ കാണുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം ആയിരിക്കും ആർ.ഒ.സി റിപ്പോർട്ട്.
Adjust Story Font
16