നീരൊഴുക്ക് ശക്തം; ചാലക്കുടി, പെരിയാർ തീരങ്ങളിൽ അതീവ ജാഗ്രത
ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിലാണ് പെരിയാർ തീരങ്ങളിൽ ജാഗ്രതയ്ക്ക് നിർദേശം നൽകിയത്
പറമ്പിക്കുളത്തുനിന്നുള്ള നീരൊഴുക്ക് കൂടുന്നതിനാൽ ചാലക്കുടിയിൽ അതീവജാഗ്രത. ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുകയാണ്. സമീപദേശത്തുകാരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. പുഴ കരകവിഞ്ഞാൽ അതിരപ്പിള്ളി, മേലൂർ, കുഴൂർ, പൊയ്യ, പരിയാരം, അന്നമനട, കറുകുറ്റി പ്രദേശങ്ങളിലും വെള്ളം കയറും. ഇതിനാലാണ് ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. നേരത്തെ ചിമ്മിനി ഡാം തുറന്നതോടെ കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാനിർദേശം നൽകിയിരുന്നു.
ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സാഹചര്യം വിലയിരുത്താൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ജില്ല സുസജ്ജമാണെന്നാണ് അദ്ദേഹം അറിയിച്ചത്. പെരിയാറിലെ ജലനിരപ്പുയർന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശം നൽകി. ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുഴയിലെ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16