മലയോര ഹൈവേ കേന്ദ്ര പദ്ധതിയോ? വസ്തുതയെന്ത്?
2017 - 18 ലെ എൽ.ഡി.എഫ് സർക്കാരിന്റെ ബജറ്റിലാണ് കേരളത്തിൽ മലയോര ഹൈവേ പദ്ധതിയും തീരദേശ ഹൈവേ പദ്ധതിയും പ്രഖ്യാപിക്കുന്നത്.
കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിൽ 3500 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാകുന്ന മലയോര ഹൈവേ എന്ന തലക്കെട്ടോടെ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച വീഡിയോ പിന്നീട് സോഷ്യൽമീഡിയയിൽ സി.പി.എം കേരള പേജ് ഉൾപ്പെടെ ഇടത് ഹാൻഡിലുകളെല്ലാം ഏറ്റെടുക്കുകയുണ്ടായി.
സി.പി.എം കേരളയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട്, ഇടതുപക്ഷം മോഡിയുടെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നു എന്ന തലക്കെട്ടോടെ ബി.ജെ.പി വക്താക്കളായ ശ്രീജിത്ത് പണിക്കരും ഋഷി ഭഗ്രിയും എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചു.
എന്താണ് ഇതിന്റെ യാഥാർത്ഥ്യം?
2017 - 18 ലെ എൽ.ഡി.എഫ് സർക്കാരിന്റെ ബജറ്റിലാണ് കേരളത്തിൽ മലയോര ഹൈവേ പദ്ധതിയും തീരദേശ ഹൈവേ പദ്ധതിയും പ്രഖ്യാപിക്കുന്നത്. മലയോരഹൈവേയാക്കായി കിഫ്ബി വഴി 3500 കോടി രൂപ നീക്കിവെച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു.
സർക്കാർ ഉത്തരവുകൾ പ്രകാരം കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിക്കുന്ന പദ്ധതിയാണ് മലയോര ഹൈവേ. സംസ്ഥാനത്ത് 149.175 കിലോമീറ്റർ മലയോരഹൈവേ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്. 296.09 കിലോമീറ്റർ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. 488.63 കിലോമീറ്റർ മലയോര ഹൈവേ പദ്ധതി ടെണ്ടർ നടപടികളിലാണെന്നും ഔദ്യോഗിക രേഖകൾ പ്രകാരം ലഭ്യമായിട്ടുണ്ട്.
ബി.ജെ.പി ഐ.ടി വിഭാഗം പ്രചരിപ്പിക്കുന്നത് പോലെ കേരളത്തിലെ മലോയര ഹൈവേ പദ്ധതി കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്നതല്ല. ബി.ജെ.പി വക്താക്കൾ സി.പി.എം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ട് നടത്തുന്ന പ്രചാരണങ്ങൾ പൂർണമായും വസ്തുതാവിരുദ്ധമാണ്.
Adjust Story Font
16