"പ്രസിഡന്റ് എന്ന നിലയിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല"; കെപിസിസി യോഗത്തിൽ കെ സുധാകരൻ
വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ. സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് ഉയരാൻ കഴിയാതെ പോയതെന്നും സുധാകരൻ പറഞ്ഞു
വയനാട്: പ്രസിഡന്റ് എന്ന നിലയിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ. സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് ഉയരാൻ കഴിയാതെ പോയതെന്നും സുധാകരൻ പറഞ്ഞു.
പുനഃസംഘടനയുമായി എല്ലാവരും സഹകരിക്കണം. പുനഃസംഘടന പൂർത്തിയായാൽ താഴെത്തട്ട് സജീവമാകുമെന്നും സുധാകരൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങൾ രൂപീകരിക്കാനും തയ്യാറെടുപ്പുകൾ നടത്താനുമായി കെപിസിസി നേതൃയോഗം ഇന്നാണ് വയനാട് സുൽത്താൻ ബത്തേരിയിൽ ചേർന്നത്. പുനഃസംഘടന ഉൾപ്പടെ സംഘടനാ കാര്യങ്ങളും സർക്കാരിനെതിരായ പ്രക്ഷോഭ സാധ്യതയും യോഗം ചർച്ച ചെയ്യും.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാലും താരിഖ് അൻവറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ടുദിവസമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. പുനഃസംഘടന പൂർത്തിയാകാത്തതും താഴെത്തട്ടിലെ നിർജീർണത ഉൾപ്പടെയുള്ള കാര്യങ്ങളും യോഗത്തിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. എഐ ക്യാമറ ഉൾപ്പടെ നിരവധി കാര്യങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുമ്പോഴും താഴെത്തട്ടിൽ അതൊരു സജീവ ചർച്ചയായി ഉയർന്നുവന്നിട്ടില്ല. ഇതെന്തുകൊണ്ടാണെന്നും യോഗം പരിശോധിക്കും.
Adjust Story Font
16