Quantcast

ബിഹാറിലെ വ്യാജമദ്യദുരന്തം; ഭരണ - പ്രതിപക്ഷ തർക്കം മുറുകുന്നു

നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-17 01:38:44.0

Published:

17 Dec 2022 1:17 AM GMT

ബിഹാറിലെ വ്യാജമദ്യദുരന്തം; ഭരണ - പ്രതിപക്ഷ തർക്കം മുറുകുന്നു
X

പാറ്റ്‌ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ ഭരണ - പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കം മുറുകുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്.

മദ്യപിച്ചാൽ മരിക്കുമെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നും നിതീഷ് നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. മദ്യപിക്കരുതെന്ന് ദീർഘകാലമായി പറയുന്നതാണ്. മദ്യപിച്ചാൽ മരിക്കും. അനധികൃത മദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും. മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ ഉണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 60 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. മദ്യപിക്കുന്നവർ മരിക്കുമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവനയിൽ ഇന്നലെയും നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് വീണ്ടും നിതീഷ് കുമാർ ഇന്നലെ ആവർത്തിച്ചു. നിതീഷ് കുമാറിന് എതിരെ കേസ് എടുക്കാത്തത് എന്ത് കൊണ്ടാണെന്നാണ് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ചോദിക്കുന്നത്.

ഇന്നും സംസ്ഥാന വ്യാപകമായി സർക്കാരിന് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആണ് മുഖ്യ പ്രതിപക്ഷമായ ബിജെപി തീരുമാനം. അതേസമയം വ്യാജമദ്യം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയാത്തതിൽ ബീഹാർ പോലീസിനും വിമർശനം ഉണ്ട്. ആവർത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാൻ സേനയ്ക്ക് ബീഹാർ പോലീസ് മേധാവി നിർദ്ദേശം നൽകി. മദ്യദുരന്തത്തിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ബീഹാർ സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS :

Next Story